3683 കോടിയുടെ സഹായം വാഗ്ദാനം ചെയ്ത് ലോകബാങ്ക്
തിരുവനന്തപുരം:
പ്രളയ പുനര്‍നിര്‍മ്മാണത്തിന് കേരളത്തിന് 500 മില്യണ്‍ ഡോളറിന്‍റെ (3683 കോടി) സാന്പത്തികസഹായം ലോകബാങ്ക് വാഗ്ദാനം ചെയ്തു. അടിയന്തര സഹായമായി 55 മില്ല്യണ്‍ ഡോളര്‍ (405 കോടി) ആയിപരിക്കും ആദ്യഘട്ടത്തില്‍ കേരളത്തിന് ലഭിക്കുക. അതേസമയം ലോകബാങ്കിന്‍റെ സഹായം ലഭിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി കൂടി ആവശ്യമാണ്. സംസ്ഥാനത്തിന്‍റെ വായ്പാപരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുമതി നല്‍കിയാല്‍ മാത്രമേ ഈ തുക കേരളത്തിന് ലഭിക്കൂ.
കൂടുതല്‍ ധനസമാഹരണത്തിനുള്ള സാങ്കേതികസഹായവും ഉപദേശവും നല്‍കാന്‍ തയ്യാറാണെന്നാണ് ലോകബാങ്ക് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. സാധാരണഗതിയില്‍ സംസ്ഥാനങ്ങള്‍ക്ക് ലോകബാങ്ക് സഹായം അനുവദിക്കാറ് കുടിവെള്ളം, ഗതാഗതം പോലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായാണ്. എന്നാല്‍ കേരളത്തിന്‍റെ കാര്യത്തില്‍ വീടുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതടക്കമുള്ള സഹായങ്ങള്‍ ലോകബാങ്ക് വാഗ്ദാനം ചെയ്തതയാണ് സൂചന.
ഇന്ന് രാവിലെ ലോകബാങ്ക് പ്രതിനിധികള്‍ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് സഹായം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ആഗസ്റ്റ് മാസത്തില്‍ സംസ്ഥാനത്തുണ്ടായ പ്രളയം 54 ലക്ഷം പേരെ ബാധിച്ചെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്.
No comments
Post a Comment