കണ്ണൂരിൽ നിന്നു പറക്കാൻ ഒരുങ്ങി 5 കമ്പനികൾ
രാജ്യാന്തര വിമാനത്താവളം പ്രവർത്തനം തുടങ്ങുന്ന ഡിസംബർ 9 മുതൽ സർവീസ് നടത്താൻ സന്നദ്ധത അറിയിച്ച് 5 വിമാനക്കമ്പനികൾ. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ എയർ, ജെറ്റ് എയർവെയ്സ്, സ്പൈസ് ജെറ്റ് എന്നിവയാണു തുടക്കം മുതൽ ആഭ്യന്തര–രാജ്യാന്തര സർവീസുകൾ നടത്താൻ സന്നദ്ധത അറിയിച്ചത്. വിമാനക്കമ്പനി പ്രതിനിധികളും കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി(കിയാൽ) അധികൃതരും തമ്മിൽ നടന്ന ചർച്ചയിലാണു തീരുമാനം.
ഇവർ കരടു സമയവിവരപ്പട്ടികയും തയാറാക്കി. വിദേശ വിമാനക്കമ്പനികൾക്കു സർവീസ് അനുമതിക്കായി ശ്രമം തുടരുകയാണെന്നു കിയാൽ മാനേജിങ് ഡയറക്ടർ വി.തുളസീദാസ് പറഞ്ഞു. ഖത്തർ എയർവെയ്സ്, ഒമാൻ എയർ, ഫ്ലൈ ദുബായ്, എയർ അറേബ്യ, ഗൾഫ് എയർ എന്നിവയുടെ പ്രതിനിധികളും വിമാനക്കമ്പനികൾക്കു വിവിധ സേവനങ്ങൾ നൽകുന്ന ഏജൻസികളും യോഗത്തിനെത്തി.
ചീഫ് ഓപ്പറേറ്റിങ് ഓഫിസറുടെ ചുമതലയുള്ള എക്സിക്യുട്ടീവ് ഡയറക്ടർ (എൻജിനീയറിങ്) ആയി കെ.പി.ജോസ്, ചീഫ് പ്രോജക്ട് എൻജിനീയർ ഇൻ ചാർജ് കെ.എസ്.ഷിബുകുമാർ, ഓപ്പറേഷൻസ് വിഭാഗം സീനിയർ മാനേജർ ബിനു ഗോപാൽ എന്നിവർ പങ്കെടുത്തു.
കസ്റ്റംസ് പരിശോധന നടത്തി
കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങൾ വിമാനത്താവളത്തിൽ പരിശോധന നടത്തി. ഡിസംബർ 1 മുതൽ ഇരുവിഭാഗങ്ങളും പ്രവർത്തനം തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നതായി കിയാൽ അധികൃതർ അറിയിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല 17 മുതൽ പൂർണമായും സിഐഎസ്എഫ് ഏറ്റെടുക്കും.
No comments
Post a Comment