നമ്പര്‍ പ്ലേറ്റില്‍ ചിത്രപ്പണി വേണ്ട; നിയമലംഘകര്‍ക്ക് പിടിവീഴും, 5000 രൂപ വരെ പിഴ
കൊച്ചി: വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മോടി കൂട്ടുന്നവര്‍ ഇനി സൂക്ഷിക്കുക. ഇത്തരത്തില്‍ നമ്പര്‍ പ്ലേറ്റ് അലങ്കരിച്ച് റോഡിലുടെ വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ മോട്ടോര്‍വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തും.
കൊച്ചിയിലെ നഗരത്തിലോടുന്ന ബൈക്കുകളിലെ നമ്പര്‍ പ്ലേറ്റുകളിലാണ് ചിത്രപ്പണി കൂടുതല്‍. ഇത്തരം വാഹനങ്ങള്‍ അപകടത്തിന് കാരണമായി രക്ഷപ്പെട്ട് ഓടുമ്പോള്‍ നമ്പര്‍ മനസ്സിലാക്കാന്‍ പോലും സാധിക്കാറില്ല. ചില വാഹനങ്ങളില്‍ 3,4, 6,8,9 നമ്പറുകള്‍ വായിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കാറില്ലെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇതര പരിശോധനകള്‍ക്കൊപ്പം നമ്പര്‍ പ്ലേറ്റിലേക്ക് കൂടി ശ്രദ്ധ പതിപ്പിക്കാന്‍ തീരുമാനിച്ചത്.
മോട്ടോര്‍ വാഹനനിയമം 177-ാം വകുപ്പുപ്രകാരം പിഴത്തുക വളരെ കുറവാണ്. അതിനാല്‍ 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് 2000 രൂപ മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചുനല്‍കുന്നവരെയും വാഹനഡീലര്‍മാരെയുമാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം റോഡുപരിശോധന നടത്തി പിഴ ഈടാക്കും. നിയമപ്രകാരം ലൈറ്റ്, മീഡിയം, ഹെവി, പൊതു വാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടുവരിയില്‍ നമ്പര്‍ എഴുതണം.
മോട്ടോര്‍കാര്‍, ടാക്‌സി കാര്‍ എന്നിവയ്ക്ക് മാത്രം മുന്നിലും പിന്നിലും ഒറ്റവരി നമ്പര്‍ മതി. മറ്റ് വാഹനങ്ങള്‍ക്ക് മുന്‍വശത്തെ നമ്പര്‍ ഒറ്റവരിയായി എഴുതാം. നമ്പര്‍ ചരിച്ചെഴുതുക, വ്യക്ത ഇല്ലാതിരിക്കുക, നമ്പര്‍ പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക തുടങ്ങിയവയും കുറ്റകരമാണ്.
No comments
Post a Comment