‘ഇനി വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങേണ്ട’; നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലും
തിരുവനന്തപുരം: വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അടക്കം വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിച്ചിരുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈനിലും ലഭിക്കും. സംസ്ഥാന ഐടി മിഷന്‍ തയ്യാറാക്കിയ അപേക്ഷാഫോറത്തിന്റെയും സാക്ഷ്യപത്രത്തിന്റെയും മാതൃക സര്‍ക്കാര്‍ അംഗീകരിച്ചു.
വില്ലേജ് ഓഫീസുകള്‍ പലവട്ടം കയറിയിറങ്ങിയുളള അലച്ചിലിനാണ് ഇതോടെ അറുതിയാകുന്നത്. അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഇ-ഡിസ്ട്രിക്ട് വഴിയും നല്‍കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുക. ഇതോടെ ഇ-ഡിസ്ട്രിക് വഴി ഓണ്‍ലൈനായി നല്‍കുന്ന റവന്യൂവകുപ്പില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം 25 ആയി. ഒക്ടോബര്‍ അവസാനത്തോടെ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചുതുടങ്ങുമെന്നാണ് വിവരം.
തൊഴില്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലേക്കുളള പല അപേക്ഷകളിലും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. ഓരോ ആവശ്യങ്ങള്‍ക്കും വെവ്വേറെ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നതിനാല്‍ വില്ലേജ് ഓഫീസുകളില്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനുളള അപേക്ഷകള്‍ താരതമ്യേന കൂടുതലാണ്. ഇത് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിനുളള കാലതാമസത്തിനും ഇടയാക്കിയിരുന്നു. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിലുടെ കാലതാമസം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
No comments
Post a Comment