വാട്‌സ്ആപ്പ് മെസേജിന് പണം നൽകേണ്ട; പകരം വാട്‌സ്ആപ്പിൽ പരസ്യം വരുന്നു
ഉപഭോക്താക്കൾക്ക് അയയ്ക്കാവുന്ന സന്ദേശങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവന്ന് പണം ഈടാക്കാൻ നിർദ്ദേശിച്ചത് വാട്‌സ്ആപ്പിന്റെ സ്ഥാപകൻ ബ്രയാൻ ആക്ഷനായിരുന്നു |
ലോകത്ത് തന്നെ ഇത്രയേറെ ഉപഭോക്താക്കൾക്ക് പ്രിയങ്കരമായ മറ്റൊരു സോഷ്യൽ മീഡിയ ഉണ്ടോയെന്നത് സംശയമാണ്. വാട്‌സ്ആപ്പ് അത്ര ആഴത്തിൽ ജനഹൃദയത്തിലേക്ക് എത്തി. മറ്റ് ആപ്ലിക്കേഷനുകൾ പോലെയല്ല, ഇതിൽ പരസ്യമില്ലെന്നതാണ് പ്രചാരത്തിന് ഏറെ ഗുണകരമാകുന്നത്.
എന്നാൽ ആ ആനുകൂല്യം ഇനിയും വാട്സ്ആപ്പിൽ അനുവദിക്കേണ്ടതില്ലെന്നാണ് മാർക് സുക്കർബർഗ് ആന്റ് കമ്പനിയുടെ തീരുമാനം. വാട്‌സ്ആപ്പിൽ കമ്പനികളുടെ പരസ്യം ചെയ്യാനാണ് തീരുമാനം. വാട്‌സ്ആപ്പിലെ സ്റ്റാറ്റസിലാണ് ഇനി മുതൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. കമ്പനികളിൽ നിന്ന് ഫെയ്‌സ്ബുക്ക് ഇതിനുളള പണം ഈടാക്കും. ഫെയ്‌സ്ബുക്കിലെ പരസ്യദാതാവിന്റെ പേജിനെയും ഈ പരസ്യവുമായി ബന്ധിപ്പിക്കും.
വാട്‌സ്ആപ്പിലൂടെ വരുമാനം കണ്ടെത്താനുളള ശ്രമമാണ് ഫെയ്‌സ്ബുക്ക് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ വാട്സ്ആപ്പിൽ ഉപഭോക്താക്കൾക്ക് അയയ്ക്കാവുന്ന മെസേജുകൾക്ക് നിയന്ത്രണം കൊണ്ടുവരാനും, സന്ദേശങ്ങൾക്ക് പണം ഈടാക്കാനുമാണ് വാട്സ്ആപ്പിന്റെ സ്ഥാപകനായ ബ്രയാൻ ആക്ഷൻ നിർദ്ദേശിച്ചത്. എന്നാൽ ഇതിനെ ഫെയ്സ്ബുക്ക് സിഒഒ സിറിൽ സാന്റ്ബെർഗ് തളളിക്കളയുകയായിരുന്നു. ഇതിന് പകരമായാണ് പരസ്യം ചെയ്യാൻ തീരുമാനിച്ചത്.
ഇന്ത്യയിൽ മാത്രം 25 കോടി ഉപഭോക്താക്കളാണ് വാട്സ്ആപ്പിനുളളത്. എന്നാൽ പൂർണ്ണമായി ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലായതോടെയാണ് വാട്‌സ്ആപ്പിൽ മാറ്റങ്ങൾ വന്നത്. 2017 സെപ്റ്റംബറിൽ വാട്സ്ആപ്പിന്റെ സ്ഥാപകൻ ബ്രയാൻ ആക്ഷൻ ഫെയ്സ്ബുക്കിൽ നിന്നും രാജിവച്ചിരുന്നു. വാട്സ്ആപ്പിൽ പരസ്യം ചെയ്യാനാണ് സുക്കർബർഗിന്റെ ശ്രമമെന്നും ഇതിൽ താൻ തൃപ്തനല്ലെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞിരുന്നത്.
എപ്പോഴാണ് വാട്‌സ്ആപ്പിൽ പരസ്യം വരികയെന്ന് വ്യക്തമല്ല. എങ്കിലും അടുത്ത വർഷം തുടക്കത്തിൽ തന്നെ ഈ മാറ്റം വരുമെന്നാണ് കമ്പനി നൽകുന്ന സൂചന. പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം വാട്സ്ആപ്പിൽ പരസ്യം ചെയ്യുന്നതിന്റെ സാധുത നൂറോളം കമ്പനികൾ ഇപ്പോൾ പരിശോധിച്ച് വരികയാണ്.
No comments
Post a Comment