Header Ads

  • Breaking News

    കണ്ണൂർ എയര്‍പോര്‍ട്ട് കാണാന്‍ ജന സാഗരം, മട്ടന്നൂര്‍ ടൗണില്‍ ഗതാഗതക്കുരുക്ക്




    കണ്ണുര്‍: നിര്‍മാണം പൂര്‍ത്തിയായതിനാല്‍ കണ്ണുര്‍ വിമാനത്താവളം സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയതോടെ ഇന്നലെ രാവിലെ മുതല്‍ എത്തിയത് നിരവധി പേര്‍. ജില്ലയില്‍ നിന്നും ഇതരജില്ലകളില്‍ നിന്നും പോലും നിരവധി പേരാണ് എത്തിയത്. വിമാനത്താവളം കാണാനുള്ള അവസരത്തോടെപ്പം ഡിസംബര്‍ 9ന് ഉദ്ഘാടന തിയ്യതി പ്രഖ്യാപിച്ചതോടെ ജനത്തിരക്കേറി.



    രാവിലെ 10ഓടെ വിമാനത്താവളത്തിന്റെ മെയിന്‍ കവാടത്തില്‍ ചെറുതും വലതുമായ നിരവധി വാഹനങ്ങളാണെത്തിയത്. സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ വിമാനത്താവളത്തിലെ മേല്‍പാലത്തിലൂടെ കടന്ന് ആഗമനം കവാടത്തിന്‍ എത്തിയാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷമാണ് ടെര്‍മിനലില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നത്.


    എന്നാൽ ഇന്നലെ ഉണ്ടായതിനേക്കാൾ വൻ തിരക്കാണ് വിമാനത്താവളത്തിൽ അനുഭവപ്പെടുന്നത്. അവധി ദിവസം കൂടിയായ ഇന്ന് രാവിലെ ഒൻപതു മണിമുതൽ തന്നെ പതിനായിരങ്ങളാണ് വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്.




    ടെര്‍മിനലിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷയുടെ ഭാഗമായി സിഐഎസ് എഫ് ഭടന്‍മാരെ വിന്യാസിച്ചിട്ടുണ്ട്. ആദ്യമായെത്തുന്നവര്‍ സെല്‍ഫി ഫോട്ടോ എടുക്കുന്ന കാര്യത്തില്‍ മല്‍സരിക്കുകയാണ്. നിലവിലെ നിര്‍മാണ ജോലിയെ ബാധിക്കാത്ത വിധത്തിലാണ് സന്ദര്‍ശനം ഒരുക്കിയത്.


    ഇന്നലെ തന്നെ നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സന്ദര്‍ശിക്കാനെത്തിയിരുന്നു. ഉച്ചയ്ക്കു ശേഷം മഴ പെയ്‌തെങ്കിലും ജനത്തിരക്കിനെ ബാധിച്ചില്ല. വൈകീട്ട് 4 വരെ സന്ദര്‍ശന സമയമെങ്കിലും ജനം ഒഴുകിയെത്തുകയായിരുന്നു. ഉച്ചയ്ക്കു ശേഷം മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ വാഹനങ്ങളെ കൊണ്ട് വീര്‍പ്പുമുട്ടി. ഈ മാസം 12 വരെയാണ് സന്ദര്‍ശനം.

     സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ഇന്നലെയെത്തിയത്. സന്ദര്‍ശകരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണ് ടെര്‍മിനലിലേക്ക് കടത്തിവിടുന്നത്.

    നിയന്ത്രണങ്ങളോടെയാണ് പ്രവേശനം. സുരക്ഷാ ചുമതലയുള്ള കേന്ദ്രവ്യവസായ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ജനങ്ങളെ കടത്തിവിടുന്നത്. സന്ദര്‍ശകരുടെ വാഹനങ്ങള്‍ വിമാനത്താവളത്തിന്റെ കാര്‍ പാര്‍ക്കിങിലും മേല്‍പാലത്തിലുമാണ് നിര്‍ത്തിയിട്ടത്.


    ടെര്‍മിനല്‍ കെട്ടിടത്തിനുള്ളില്‍ ഭക്ഷണ സാധനങ്ങളും പാനീയങ്ങളും നിരോധിച്ചിരുന്നു. പ്ലാസ്റ്റിക്കും മറ്റും പരിസരത്ത് ഉപേക്ഷിക്കാന്‍ പാടില്ലെന്ന നിര്‍ദേശവും നല്‍കിയിരുന്നു. ഇന്ത്യയില്‍ തന്നെ നാലാം സ്ഥാനമുള്ള വിമാനത്താവളം എന്ന് സവിശേഷതയും കണ്ണൂരിനുണ്ട്.


    No comments

    Post Top Ad

    Post Bottom Ad