കണ്ണൂർ രാജ്യാന്തര വിമാനത്താവള സുരക്ഷ നാളെ സിഐഎസ‌്എഫ‌് ഏറ്റെടുക്കും
കണ്ണൂർ:
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ബുധനാഴ‌്ച സിഐഎസ‌്എഫ‌് പതാക ഉയരും. രാവിലെ ഒമ്പതിന‌് സിഐഎസ‌്എഫ‌് ഉന്നത ഉദ്യോഗസ്ഥൻ എത്തിയാണ‌് ഇൻഡക‌്ഷൻ സെറിമണിക്ക‌് നേതൃത്വം നൽകുക. വിമാനത്താവളം അവരുടെ സുരക്ഷിതവലയത്തിലായിരിക്കുമെന്ന‌് ബോധ്യപ്പെടുത്തുന്ന ചടങ്ങാണിത‌്. ഇൻസ‌്ട്രുമെന്റ‌് ലാൻഡിങ് സിസ‌്റ്റ(ഐഎൽഎസ‌്)ത്തിന്റെ പരിശോധനക്ക‌് തിങ്കളാഴ‌്ചയും ചെറിയ വിമാനം പരീക്ഷണ പറക്കൽ നടന്നു.
എയർ ഇന്ത്യ എക‌്സ‌്പ്രസിന്റെ ഡോണിയർ വിമാനമാണ‌് പകൽ ഒന്നൊടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത‌്. ഡൽഹിയിൽനിന്ന‌് എത്തിയ വിമാനം തൃച്ചിയിലെ പരിശോധനയ‌്ക്കുശേഷമാണ‌് കണ്ണൂരിലെത്തിയത‌്. കാലിബ്രേഷന്റെ ഭാഗമായി ലാൻഡിങ് നടത്തിയശേഷമാണ‌് മടങ്ങിയത‌്. ഇൻസ‌്ട്രുമെന്റ‌് അപ്രോച്ച‌് പ്രൊസിജ്യറിന്റെ ഭാഗമായി വലിയ യാത്രാവിമാനത്തിന്റെ പരീക്ഷണ പറക്കലും അടുത്തദിവസമുണ്ടാകും.
കഴിഞ്ഞ ആഗസ‌്ത‌് അവസാനം മൂന്നു തവണ എയർപോർട്ട‌് അതോറിറ്റിയുടെ ചെറുവിമാനങ്ങൾ പരീക്ഷണപ്പറക്കൽ നടത്തിയിരുന്നു.
ഇതിനുശേഷം തയ്യാറാക്കിയ ഇൻസ‌്ട്രുമെന്റ‌് അപ്രോച്ച‌് പ്രൊസിജ്യർ പ്രകാരം എയർ ഇന്ത്യ എക‌്സ‌്പ്രസും ഇൻഡിഗോയും പരീക്ഷണപ്പറക്കൽ നടത്തി. കഴിഞ്ഞ 11ന‌് ഡോണിയർ വിമാവും പരീക്ഷണപ്പറക്കൽ നടത്തിയിരുന്നു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പൂർണമായും ഉറപ്പാക്കുന്നതിനാണ‌് തുടർച്ചയായി പരീക്ഷണപ്പറക്കൽ നടത്തുന്നത‌്.
ഉപകരണത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കിയാണ‌് എയർപോർട്ട‌് അതോറിറ്റിയോട‌് വീണ്ടും പരിശോധന നടത്താൻ കിയാൽ ആവശ്യപ്പെട്ടത‌്. അതിന്റെ അടിസ്ഥാനത്തിലാണ‌് തിങ്കളാഴ‌്ചത്തെ പരീക്ഷണപ്പറക്കൽ.
വിമാനത്താവളം പൂർണമായും സിഐഎസ‌്എഫിന്റെ ചുമതലയിൽ വരുന്നതോടെ 634 പേരെയാണ‌് സുരക്ഷക്കായി നിയോഗിക്കുക. ഇപ്പോൾ 45 പേരാണ‌് വിമാനത്താവളത്തിൽ എത്തിയിട്ടുള്ളത‌്. കഴിഞ്ഞ ദിവസം പൊതുജനങ്ങൾക്ക‌് സന്ദർശനം അനുവദിച്ചപ്പോൾ ഇവരുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. സിഐഎസ‌്എഫിന്റെ ചടങ്ങ‌് ബുധനാഴ‌്ച നടക്കുമെങ്കിലും മുഴുവൻ ഉദ്യോഗസഥരും ഡിസംബറിലേ എത്തുകയുള്ളു. ചുറ്റുമതിലിനോട‌് ചേർന്ന‌് നിരീക്ഷണ ടവറും ഒരുക്കിയിട്ടുണ്ട‌്.
താമസിക്കാനുള്ള ബാരക‌് നിർമാണം പുരോഗമിക്കുന്നു. അതുവരെ വലിയവെളിച്ചത്താണ‌് താമസസൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത‌്. വിമാനത്താവളം ഉദ‌്ഘാടന തിയതിയടക്കം പ്രഖ്യാപിച്ച സ്ഥിതിക്ക‌് ഡിസംബർ ഒന്നിന‌് കസ‌്റ്റംസ‌് ഉദ്യോഗസ്ഥരടക്കം ചുമതല ഏറ്റെടുക്കും.
സർക്കാർ പുതുതായി പ്രഖ്യാപിച്ച എയർപോർട്ട‌് പൊലീസ‌് സ‌്റ്റേഷനും താമസിയാതെ നിലവിൽവരും. വിമാനത്താവളവുമായി ബന്ധപ്പെട്ട‌് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗ യൂണിറ്റും പ്രവർത്തനമാരംഭിച്ചു.
No comments
Post a Comment