നിങ്ങളുടെ ഏതെല്ലാം വിവരങ്ങള്‍ ചോര്‍ത്തി എന്ന് അറിയാം; പ്രത്യേക സംവിധാനവുമായി ഫെയ്‌സ്ബുക്ക്
ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായുളള റിപ്പോര്‍ട്ടുകള്‍ പ്രമുഖ സോഷ്യല്‍മാധ്യമമായ ഫെയ്‌സ്ബുക്കിന് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പരിഹാരം കാണാനുളള ശ്രമത്തിലാണ് ഫെയ്‌സ്ബുക്ക്. തങ്ങളുടെ ഏതെല്ലാം വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന വിവരം അറിയിക്കുന്നതിനുളള സംവിധാനത്തിന് ഫെയ്‌സ്ബുക്ക് രൂപം നല്‍കി.
ഫെയ്‌സ്ബുക്കിന് 200 കോടി ഉപഭോക്താക്കളാണുളളത്. ഇതില്‍ അഞ്ചുകോടി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി ആഴ്ചകള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്കിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്തുളള നടപടികള്‍ക്ക് ഫെയ്‌സ്ബുക്ക് തുടക്കമിട്ടത്. ഇതിനിടെ 3 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാത്രമാണ് ചോര്‍ന്നത് എന്ന് ഫെയ്‌സ്ബുക്ക് വിശദീകരിക്കുന്നുണ്ട്.
പാസ്‌വേര്‍ഡ്, സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തുന്നതിനുളള സംവിധാനമാണ് ഫെയ്‌സ്ബുക്ക് ഒരുക്കിയിരിക്കുന്നത്. നിലവില്‍ തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി തിരിച്ചറിയാന്‍ മാത്രമേ ഉപഭോക്താവിന് നിര്‍വാഹമുളളു. അതായത് ഏതെല്ലാം വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് അറിയാന്‍ കഴിയില്ലെന്ന് സാരം. ഇതിനാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍ പരിഹാരം കണ്ടിരിക്കുന്നത്.
ഉപഭോക്താവിന്റെ ഏതെല്ലാം വിവരങ്ങള്‍ ചോര്‍ന്നു എന്ന് അറിയാന്‍ സഹായകമായ വെബ്‌സൈറ്റിനാണ് ഫെയ്‌സ്ബുക്ക് രൂപം നല്‍കിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാണോ എന്ന് അറിയാന്‍ സഹായിക്കുന്നതാണ് ഈ വെബ്‌സൈറ്റ്. കൂടാതെ ഈ ഉപഭോക്താവിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങളും കൈമാറും.സംശയകരമായി തോന്നുന്ന ടെക്‌സ്റ്റ് മെസേജുകള്‍, ഇമെയിലുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ അവയോട് എങ്ങനെ ഇടപെടണമെന്നുളള മാര്‍ഗനിര്‍ദേശങ്ങളും നല്‍കും.ഹാക്കിങിന് വിധേയരായ അക്കൗണ്ട് ഉടമകളെ അപ്പോള്‍ തന്നെ ഇക്കാര്യം അറിയിക്കുവാനും ഫെയ്‌സ്ബുക്ക് നടപടി സ്വീകരിച്ചു.
No comments
Post a Comment