Header Ads

  • Breaking News

    ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ പതിനൊന്നിന് തുറക്കും; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം

    തൊടുപുഴ: ഇടുക്കിയില്‍ അതിതീവ്ര മഴയുണ്ടാകും എന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി ഡാം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് തുറക്കും. ശനിയാഴ്ച രാവിലെ ആറ് മണിക്ക് ഡാം തുറക്കാനാണ് തീരുമാനിച്ചിരുന്നത് എങ്കിലും പതിനൊന്ന് മണിയിലേക്ക് മാറ്റുകയായിരുന്നു.

    പതിനൊന്ന് മണിക്ക് ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 50 ക്യുമിക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഇടുക്കി കളക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരത്ത് നടന്ന അവലോകന യോഗത്തിലാണ് ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ പതിനൊന്നിന് തുറക്കാന്‍ ധാരണയായത്. ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

    ശനിയാഴ്ച രാവിലെ പത്തരയോടെ കളക്ടര്‍ വിളിച്ച അവലോകന യോഗം ചേരും. ഇതിന് ശേഷമായിരിക്കും ഷട്ടര്‍ തുറക്കുക. വെള്ളിയാഴ്ച നാല് മണിയോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ ജില്ലാ ഭരണകൂടം കെഎസ്ഇബിക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന നീരൊഴുക്കിലെ കുറവും, മഴ ശക്തി പ്രാപിച്ചിട്ടില്ല എന്നതും കണക്കിലെടുത്ത് ഷട്ടറുകള്‍ തുറക്കുന്നത് മാറ്റി വയ്ക്കുകയായിരുന്നു.

    അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നതോടെ ഇടുക്കിയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ വെള്ളിയാഴ്ച ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad