കാറിനേക്കാള്‍ ലാഭം വിമാനം; ഉദ്യോഗസ്ഥ മേധാവികള്‍ക്ക് ഇനി അനുമതിയില്ലാതെ പറക്കാം
തിരുവനന്തപുരം:
ഇന്ധനവില കൂടിയതോടെ, ചെലവുചുരുക്കുന്നതിന്റെ ഭാഗമായി ഉന്നതോദ്യോഗസ്ഥർക്ക് സംസ്ഥാനത്തിനകത്ത് വിമാനയാത്രയ്ക്ക് അനുമതി. ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർക്കും വകുപ്പുമേധാവികൾക്കുമാണ് മുൻകൂർ അനുവാദമില്ലാതെ വിമാനയാത്രനടത്താൻ അനുമതി. നിലവിൽ, ഗവൺമെന്റ് സെക്രട്ടറിമാർക്കുമാത്രമാണ് വിമാനയാത്ര അനുവദിച്ചിരുന്നത്.
ഉന്നതോദ്യോഗസ്ഥർ നിലവിൽ കാറുകളാണ് സംസ്ഥാനത്തിനകത്തെ യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഇന്ധനക്ഷമത കുറഞ്ഞ ആഡംബര വാഹനങ്ങളാണ് മിക്കവാറും വകുപ്പുമേധാവികളും ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരും ഉപയോഗിക്കുന്നത്. വിമാനയാത്ര അനുവദിക്കുന്നത് ചെലവുകുറയ്ക്കുകയേ ഉള്ളൂവെന്നാണ് ധനവകുപ്പിന്റെ വാദം.
ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് ആഭ്യന്തര വിമാനയാത്ര അനുവദിക്കുന്നത്. തിരുവനന്തപുരം-കോഴിക്കോട് യാത്രയ്ക്ക് 4500 രൂപയും തിരുവനന്തപുരം-കൊച്ചി യാത്രയ്ക്ക് 3000 രൂപയുമാണ് അനുവദിക്കുക. അടിയന്തര ആവശ്യങ്ങൾക്ക് വിമാനയാത്ര നടത്തിയശേഷം അനുമതി തേടുന്നതാണ് ഇപ്പോഴത്തെ പതിവ്.
അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരുടെയും വകുപ്പുമേധാവികളുടെയും അഭ്യർഥന കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവിനയോഗ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഉത്തരവിൽ വ്യക്തമാക്കി. ചെലവുചുരുക്കലിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്ക് നേരത്തേ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എം.എൽ.എമാർക്ക് നിയമസഭാ യോഗങ്ങളിൽ പങ്കെടുക്കാൻ സംസ്ഥാനത്തിനകത്ത് വിമാനയാത്രയ്ക്ക് അടുത്തയിടെ അനുവദിച്ചിരുന്നു.
No comments
Post a Comment