ജാഗ്രതാ നിർദേശവുമായി കേന്ദ്രം: രാജ്യത്ത് സിക്കാ വൈസ് ബാധ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ബീഹാര്‍ സ്വദേശിയില്‍ സിക്കാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജസ്ഥാന്‍ ജയ്പൂരില്‍ കംമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന ബീഹാര്‍ സ്വദേശിയായ പങ്കജ് ചൗരാസ്യയ്ക്കാണ് സിക്കാ വൈറസ് ബാധയുളളതായി സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 12 വരെയുളള കാലയളവില്‍ പങ്കജ് ചൗരാസ്യ സ്വദേശമായ ബീഹാറിലെ സിവാന്‍ ജില്ലയില്‍ പോയിരുന്നു. ഇവിടെ നിന്ന് വൈറസ് ബാധ ഉണ്ടായതാകാമെന്ന് ആരോഗ്യവിഭാഗം സംശയിക്കുന്നു.
ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് മുഖ്യമായി ഈ വൈറസ് പരത്തുന്നത്. സിക്കാ വൈറസ് ബാധിതരില്‍ ഒട്ടുമിക്കപ്പേരും മറ്റു അസുഖങ്ങളെ പോലെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറില്ല. ചുരുക്കം ചിലര്‍ ചെറിയ പനി, സന്ധിവേദന എന്നി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
സിക്ക വൈറസിനെതിരെ കേന്ദ്രം ജാഗ്രതാനിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബീഹാര്‍ ആരോഗ്യവിഭാഗം സിവാനിലേക്ക് മെഡിക്കല്‍ ടീമിനെ അയച്ചു. ചൗരാസ്യയുടെ കുടുംബാംഗങ്ങളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവില്‍ ചൗരാസ്യയുടെ കുടുംബത്തിലെ ആരും തന്നെ സിക്ക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയിട്ടില്ല. ഇതില്‍ ഒരു അംഗം ഗര്‍ഭിണിയാണ്. 26 ദിവസം ഇവരെ നിരീക്ഷിക്കാനാണ് മെഡിക്കല്‍ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. സംസ്ഥാനത്തിന്റെ മറ്റു ജില്ലകളില്‍ പനി ഉള്‍പ്പെടെ സംശയം തോന്നുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അതത് ജില്ലാ അധികാരികളോട് ആരോഗ്യവിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്.
സെപ്റ്റംബറില്‍ രാജസ്ഥാനില്‍ ഒരു സ്ത്രീക്ക് സിക്കാ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് വീടുവീടാന്തരം നടത്തിയ സര്‍വ്വേയില്‍ ഏഴിലധികം വരുന്ന ഗര്‍ഭിണികള്‍ക്കും സിക്കാ വൈറസ് ബാധയുളളതായി സംശയിക്കുന്നു. ഗുജറാത്തിലെ ശാസ്ത്രി നഗര്‍ മേഖലയില്‍ നടത്തിയ സര്‍വേയിലാണ് ഇവരെ കണ്ടെത്തിയത്.
No comments
Post a Comment