സഞ്ചാരികളെ കാത്ത‌് തെയ്യക്കാലം
മയ്യിൽ:കണ്ണൂരിന്റെ സ്വപ്നങ്ങൾക്ക് ചിറക‌് മുളക്കുമ്പോൾ ഒരു തെയ്യക്കാലംകൂടി വരവായി. തറികളുടെയും തിറകളുടെയും നാട്ടിൽ വരുന്ന തുലാം പത്തോടെ തെയ്യങ്ങൾ ഉണരും. ഉത്തരമലബാറിലെ തെയ്യപ്പറമ്പുകളിൽ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികൾ ഇന്ന‌് നിത്യകാഴ്ചയാണ്. കണ്ണൂരിൽ വിമാനത്താവളം യഥാർഥ്യമാവുന്നതോടെ അത‌് ഇരട്ടിക്കും. വർഷത്തിന്റെ പകുതിയോളം നീളുന്ന കാവുകളിലെ തെയ്യ ഉത്സവം വിദേശ– അഭ്യന്തര വിനോദസഞ്ചാരികൾക്ക‌് നിത്യവിസ‌്മയമായിരിക്കും. അതുപയോഗപ്പെടുത്താൻ തെയ്യ കലണ്ടർ തയ്യറാക്കുകയും ടൂറിസം പാക്കേജുകൾ ഒരുക്കുകയും ചെയ്യാം. കൊളച്ചേരിയിലെ ചാത്തമ്പള്ളി കാവിൽ ഉത്സവത്തിന് കൊടിയേറുന്നതോടെയാണ‌് ഉത്തരമലബാറിലെ തെയ്യക്കോലാട്ടങ്ങൾക്ക് തുടക്കമാവുക. നൂറുകണക്കിന‌് തെയ്യക്കാവുകളാണ‌് തുടർന്ന‌് ഉണരുക. ചെണ്ടയുടെ രൗദ്രതാളത്തോടൊപ്പം ചുവട‌് വയ‌്ക്കുന്ന വ്യത്യസ‌്തതയാർന്ന തെയ്യങ്ങൾ ഉത്തരമലബാറിന്റെ മാത്രം പ്രത്യേകതയാണ‌്. ഒാരോ തെയ്യത്തിനും ഒരു നാടിന്റെ സ‌്പന്ദനമായ ഐതിഹ്യങ്ങളും കഥകളുമുണ്ടാവും പറയാൻ. ഗ്രാമീണത കൈവിടാത്ത കാവുകൾ ഇപ്പോഴും നമ്മുടെ നാട്ടുപരിസരത്തുണ്ട‌്. അവ കാണുകയും ചരിത്രമറിയുകയും ചെയ്യുന്നത‌് വേറിട്ട അനുഭവമാവും. മിക്ക കാവുകളിലും അതിഥികളെ ദൈവത്തെപോലെ വിരുന്നൂട്ടി സ്വീകരിക്കുന്ന സംസ‌്കാരവുമുണ്ട‌്. അവയൊക്കെ വിനോദസഞ്ചാരത്തിന‌് മുതൽക്കൂട്ടാവും.
അണ്ടലൂർ കാവ്, മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങൾ തുടങ്ങി നിരവധി പ്രശസ‌്തമായ കാവുകളിലെ ഉത്സവങ്ങൾക്ക് ശേഷം വളപട്ടണം കളരിവാതുക്കലിലെ ഉത്സവത്തോടെയാണ് കാലവർഷം തുടങ്ങുമ്പോൾ തെയ്യക്കാലം സമാപിക്കുക.
കൊളച്ചേരിയിലെ ജന്മി നാടുവഴിത്ത മർദകഭരണത്തിൽ രക്തസാക്ഷിയാകേണ്ടി വന്ന കണ്ഠന്റെ സ്മരണ പുതുക്കലാണ് തെയ്യക്കാലം തുടങ്ങുന്ന ഒരോ തുലാം പത്തും. ജാതീയ സമ്പ്രദായങ്ങൾ കൊടികുത്തി വാണിരുന്ന, താഴ‌്ന്ന ജാതിക്കാരന‌് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലത്ത‌്, തീയ്യസമുദായക്കാരനായ ചാത്തമ്പള്ളി കണ്ഠൻ വിഷ ചികിത്സ ഉൾപ്പെടെ ഒട്ടുമിക്ക മേഖലയിലും മികവും പ്രാവീണ്യവും നേടി. എഴുത്തച്ഛന്റെ സഹായത്തോടെയായിരുന്നു തീയ്യക്കുട്ടിപഠിച്ചത‌്. ചിണ്ടൻ ഗുരുക്കളാണ് ആയോധന കലയിലും വിഷ ചികിത്സയിലും അറിവ‌്പകർന്നത‌്. പഠനത്തിന‌് ശേഷം മാതാപിതാക്കളുടെ ആരോഗ്യ നിലയും കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയും കണക്കിലെടുത്ത് കൊളച്ചേരിയിലേക്ക് തിരിച്ചു വരേണ്ടിവന്നു. കള്ള് ചെത്ത് തുടങ്ങിയ പലതരം നാട്ടുപണികൾ ചെയ്തു. ആയിടക്കാണ് കോവൂർ ചത്തോത്ത് തറവാട്ടിലെ ഒൻപത് ആങ്ങളമാരുടെ പൂർണ ഗർഭിണിയായ പെങ്ങൾ നാണിക്കുട്ടിക്ക‌് പാമ്പുകടിയേൽക്കുന്നത‌്. ഒരു ചികിത്സയും ഫലം കാണാതെ അവർ പ്രസിദ്ധ വിഷചികിത്സാ കേന്ദ്രമായ കൊളച്ചേരിയിലെ കരുമാരത്ത് ഇല്ലത്തിൽ എത്തി. നമ്പൂതിരി പരിശോധിച്ച് മരണം ഉറപ്പാക്കിയ യുവതിയെ മഞ്ചലിൽ കൊണ്ടുവരുന്ന വഴി കണ്ഠൻ തടഞ്ഞു നിർത്തി താൻ പരിശോധിക്കട്ടേ എന്ന‌് ആരാഞ്ഞു. തമ്പുരാൻ നോക്കി മടക്കിയയച്ച ആളെ മറ്റൊരാളെ കാണിക്കുക എന്നത് അക്കാലത്ത‌് നടപ്പില്ലാത്ത കാര്യമാണ‌്. കണ്ഠന്റെ കഴിവ‌് അറിയാവുന്ന എഴുത്തച്ഛന്റെ നിർബന്ധ പ്രകാരം യുവതിയെ കാണിക്കാൻ അവർ തയ്യാറായി. മരിച്ചുവെന്നു പറഞ്ഞു തമ്പുരാൻ മടക്കിയ നാണിക്കുട്ടിയെന്ന യുവതിക്ക‌് പച്ചമരുന്നുകൾ പറിച്ച് നൽകിയതോടെ ജീവൻ തിരിച്ചുകിട്ടി. വിഷചികിത്സക്ക് പണം വാങ്ങില്ലെന്നറിഞ്ഞ ചത്തോത്ത് തറവാട്ടുകാർ കരുമാരത്തില്ലത്തിന് കീഴിലെ കൊളച്ചേരിയിലെ ചാത്തമ്പള്ളിപ്പറമ്പും അതിൽ നിർമിച്ച വീടും കണ‌്ഠനു ദാനമായി നൽകാൻ തീരുമാനിച്ചു. നാണിക്കുട്ടി ജന്മം നൽകിയ കുഞ്ഞിന് കണ്ഠൻ വൈദ്യർ പേരിടണം എന്ന നിർബന്ധത്താൽ ചടങ്ങ് കൊളച്ചേരിയിൽ നിർമിച്ച വീട്ടിൽ നടത്തി. തുടർന്ന‌് വീടും സ്ഥലവും ദാനമായി നൽകി. ഇത‌്അറിഞ്ഞ കരുമാരത്തില്ലം നമ്പൂതിരമാർ ക്ഷുഭിതരായി. ഭാര്യയുടെ പ്രസവം നടക്കാൻ പോകുന്ന ദിവസം, ഒരു തുലാം പത്തിന് കണ‌്ഠന്റെ ജീവൻ എടുത്തു. അതിന് ശേഷമാണ് തുലാം പത്തിന് ചാത്തമ്പള്ളി പറമ്പിലെ സ്ഥാനത്ത് അടിച്ചമർത്തപ്പെട്ടവന്റെ പ്രതിരൂപമായ കണ്ഠൻ ചാത്തമ്പള്ളി കാവിൽ കനാലാട്ടമാടുന്നത‌്. ഇത‌് കണ‌്ഠന്റെ കഥ. കേരളീയ സമൂഹത്തിൽ അന്തവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടിയ കീഴാളന്റെ ജീവചരിത്രമാണ‌് ഭൂരിപക്ഷം തെയ്യങ്ങൾക്കുമുള്ളത‌്. ഇത‌് നാടിന്റെ പ്രാദേശിക ചരിത്രംകൂടിയാണ‌്. അത‌് വീണ്ടും പറയേണ്ട കാലംകൂടിയാണിത‌്.
No comments
Post a Comment