പരിയാരം മെഡിക്കല്‍ കോളജിലെ ഗ്യാസ്‌ട്രോ എന്റോളജി വിഭാഗം അടച്ചുപൂട്ടി: രോഗികള്‍ ദുരിതത്തില്‍
പരിയാരം:
പരിയാരം മെഡിക്കല്‍ കോളജിലെ ഗ്യാസ്‌ട്രോ എന്റോളജി വിഭാഗം അടച്ചുപൂട്ടി, നൂറുകണക്കിന് രോഗികള്‍ ദുരിതത്തില്‍. ഡോക്ടർമാർ മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഇരുവരും രാജിവെച്ചൊഴിഞ്ഞതെന്നാണ് സൂചന.എന്നാല്‍ ഇരുവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുമെന്നും, 25 നകം ആശുപത്രിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായും മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. ഇരുവരും കണ്ണൂരിലെയും എറണാകുളത്തേയും സ്വകാര്യ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.മെഡിക്കല്‍ കോളജില്‍ നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ഗ്യാസ്‌ട്രോ എന്റോളജി വിഭാഗത്തില്‍ സ്ഥിരം ചികില്‍സ തേടുന്നവരും ശസ്ത്രക്രിയ കഴിഞ്ഞിട്ടുള്ളതുമായ ആയിരക്കണക്കിനാളുകളുണ്ട്. ഇവരൊക്കെ ഗ്യാസ്‌ട്രോ വിഭാഗം അടച്ചുപൂട്ടിയതറിയാതെ എത്തി നിരാശരായി മടങ്ങുകയാണ്.ഡോ.സാബു, ഡോ.ബൈജു കുണ്ടില്‍ എന്നീ പ്രഗല്‍ഭരായ ഡോക്ടര്‍മാരാണ് ഈ വിഭാഗത്തിലുള്ളത്. രോഗികള്‍ ഇവരുമായി ബന്ധപ്പെട്ടപ്പോള്‍ എറണാകുളത്തേയും കോഴിക്കോട്ടെയും കണ്ണൂരിലേയും ചില സ്വകാര്യ ആശുപത്രികളിലേക്ക് വരാനാണ് ആവശ്യപ്പെടുന്നത്.ഗവണ്‍മെന്റ് ഏറ്റെടുത്ത ശേഷം എംഡിയായി ചുമതലയേറ്റ ഡോ.സി.രവീന്ദ്രന്‍ ജനപക്ഷത്തുചേര്‍ന്ന് നടത്തിയ ചില നീക്കങ്ങളാണ് ഡോക്ടര്‍മാരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. നിരവധി ശസ്ത്രക്രിയകള്‍ നടക്കുന്ന ഗ്യാസ്‌ട്രോ വിഭാഗത്തില്‍ 40 ശതമാനത്തോളം ഡോക്ടര്‍മാര്‍ക്ക് ഇന്‍സസെന്റീവ് നല്‍കാറുണ്ടായിരുന്നു.ഒരു രോഗിയുടെ ചികില്‍സാ ചെലവ് നിശ്ചയിക്കുന്നത് ഡോക്ടര്‍മാരായിരുന്നു. എന്നാല്‍ ഡോ.രവീന്ദ്രന്‍ ചുമതലയേറ്റതോടെ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതാണ് ഡോക്ടര്‍മാരെ പ്രകോപിപ്പിച്ചത്. മെഡിക്കല്‍ കോളജുമായുള്ള കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും നിത്യേനയെത്തുന്ന രോഗികളുടെ ദുരിതത്തിന് പരിഹാരം കാണാന്‍ മെഡിക്കല്‍ കോളജിന് സാധിക്കുന്നില്ല.
No comments
Post a Comment