Header Ads

  • Breaking News

    പ്രായപൂർത്തിയാകാത്ത മകളുടെ വിവാഹം മുടങ്ങി; മകൻ പിതാവിനെ തലയ്ക്കടിച്ചു കൊന്നു


    പ്രായപൂർത്തിയാകാത്ത കൊച്ചുമകളുടെ വിവാഹത്തെ എതിർത്ത പിതാവിനെ മകനും പ്രതിശ്രുത വരന്റെ പിതാവും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. ബെംഗളൂരു കരേനഹള്ളി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. 70കാരനായ ഈശ്വരപ്പയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഈശ്വരപ്പയുടെ മകൻ കുമാറും കുമാറിന്റെ പ്രായപൂർത്തിയാകാത്ത മകളെ വിവാഹം ചെയ്യാൻ നിശ്ചയിച്ച യുവാവിന്റെ പിതാവ് സുബ്രഹ്മണിയും അറസ്റ്റിലായിട്ടുണ്ട്.
    സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
    പെൺകുട്ടി പതിനെട്ട് വയസാകുന്നതുവരെ കാത്തിരിക്കാമെന്നും പഠനം തുടരട്ടെയെന്നുമായിരുന്നു ഈശ്വരപ്പയുടെ അഭിപ്രായം. എന്നാൽ അത്രയും നാൾ കാത്തിരിക്കാനാവില്ലെന്നും എതിർപ്പുകളൊന്നുമില്ലാതെ വിവാഹം നടത്താൻ ഒപ്പം നിൽക്കണമെന്നും കുമാർ ആവശ്യപ്പെട്ടു.
    സ്ത്രീധനമായി ഒരു രൂപ പോലും വേണ്ടെന്നും വിവാഹച്ചിലവുകൾ മുഴുവൻ താൻ വഹിച്ചോളാമെന്നും സുബ്രഹ്മണി അറിയിച്ചതോടെ വിവാഹം നടത്തിയെ തീരു എന്ന നിലപാടിലായിരുന്നു കുമാർ. ഇതുപോലെ നല്ല അവസരം ഇനി വരില്ലെന്നും ഇയാൾ പിതാവിനോട് പറഞ്ഞു.
    ഈശ്വരപ്പയുടെ വാക്ക് ചെവിക്കൊള്ളാതെ കുമാർ വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോയി. ഇതിനിടെ അച്ഛനും മകനും തമ്മിൽ ഇതേച്ചൊല്ലി തർക്കങ്ങളും പതിവായിരുന്നു. പിതാവിന് നേരെ പലപ്പോഴും കുമാർ കയ്യേറ്റശ്രമങ്ങളും നടത്തിയിരുന്നു.
    ഇതിനിടെയാണ് ചൈൽഡ് ഹെൽപ്പ് ലൈനിലേക്ക് ഫോൺ ചെയ്ത അജ്ഞാതൻ കാരനഹള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചിരിക്കുന്നതായി അറിയിച്ചത്. ഇതോടെ ബാലാവകാശ പ്രവർത്തകരും പോലീസും ഇവരുടെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് കുമാറിനും സുബ്രഹ്മണിക്കും താക്കീത് നൽകി. നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകി.
    ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അമ്മയോടൊപ്പം പെൺകുട്ടിയെ ഒരു സർക്കാർ കൗൺസിലിംഗ് സെന്റിൽ എത്തിച്ചു. വിവാഹം മുടങ്ങിയതിന്റെ രോക്ഷത്തിലായിരുന്നു കുമാറും സുബ്രഹ്മണിയും ഈശ്വരപ്പയാണ് വിവരം പോലീസിൽ കൈമാറിയതെന്ന് സംശയിച്ചു. സംശയം നേരിട്ട് ചോദിച്ചെങ്കിലും ഈശ്വരപ്പ നിഷേധിക്കുകയായിരുന്നു.
    ഈശ്വരപ്പ തന്നെയാണ് വിവരം കൈമാറിയതെന്ന ഉറച്ച വിശ്വസിച്ച കുമാറും സുബ്രഹ്മണിയും കൊലപാതകം നടത്താൻ തീരുമാനിക്കുകയായിരുന്നു. സുബ്രഹ്മണി ഈശ്വരപ്പയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. ഈ സമയം കുമാർ വലിയൊരു പാറക്കഷ്ണം ഉപയോഗിച്ച് ഈശ്വരപ്പയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
    ഈശ്വരപ്പയുടെ അലർച്ച കേട്ട് ഓടിയെത്തിയ ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദൊദ്ദബല്ലപുര പോലീസ് ചൊവ്വാഴ്ച വൈകിട്ടോടെ കുമാറിനെയും സുബ്രഹ്മണിയേയും അറസ്റ്റ് ചെയ്തു.
    ഗുരുതരമായി പരുക്കേറ്റ് ദൊബ്ബബല്ലപുര സർക്കാർ ആശുപത്രിയിലെത്തിച്ച ഈശ്വരപ്പയെ ബെംഗളൂരുവിലെ ആശുപത്രിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ അതിനുള്ള പണം കൈയ്യിലില്ലാതിരുന്ന ബന്ധുക്കൾ അവിടെ തന്നെ ചികിത്സ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. ആക്രമണത്തെക്കുറിച്ച് പോലീസിൽ അറിയിക്കാതിരുന്ന ആശുപത്രി അധികൃതർക്കെതിരെ നടപടിയുണ്ടാകുമെന്ന് ദൊബ്ബബല്ലപുര ഡിവൈഎസ്പി മോഹൻ കുമാർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad