ഇനിമുതല്‍ കുറ്റം ചെയ്യുന്നത് ആദ്യമാണെങ്കില്‍ അഴിയെണ്ണേണ്ടി വരില്ല ; മാനസാന്തരത്തിന് അവസരമുണ്ടാക്കുന്ന നല്ലനടപ്പ് പരീക്ഷിക്കും
ക്രിമിനല്‍ സ്വഭാവം കാട്ടാത്ത ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെ ഇനി കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ പോലും ശിക്ഷ നല്‍കാതെ വെറുതേ വിടും. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാര്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കുറ്റകൃത്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തി മാനസീക പരിവര്‍ത്തനത്തിന് ഇട നല്‍കി ഉത്തമ പൗരന്മാരായി തിരിച്ചുവരാന്‍ അവസരം നല്‍കുന്നതാണ് നടപടി. ആദ്യമായി ചെയ്യുന്ന കുറ്റത്തിന് ശിക്ഷ നല്‍കാതെ നല്ലനടപ്പിന് വിടുന്നതാണ് രീതി.
കുറ്റകൃത്യങ്ങളുടെ സ്വഭാവവും പ്രകൃതവും ചെയ്തയാളുടെ പശ്ചാത്തലവും അനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ കോടതി തീരുമാനം എടുക്കുക. കുറ്റവാളിയുടെ പ്രായം, കുടുംബപശ്ചാത്തലം, കേസിന്റെ സാഹചര്യം എന്നിവയെല്ലാം പരിഗണിച്ചാകും നല്ല നടപ്പിന് വിടുക. പക്ഷേ നല്ലനടപ്പ് കാലത്ത് കുറ്റം ആവര്‍ത്തിച്ചാല്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ജയിലിലിടും. കുറ്റവാളിയെ സ്വന്തം കുടുംബ ചുറ്റുപാടിലും സാമൂഹ്യ സാഹചര്യത്തിലും ജീവിക്കാന്‍ വിടുന്നതിലൂടെ പശ്ചാത്താപം തോന്നാനും വീണ്ടും കുറ്റകൃത്യം ചെയ്യാതെ നല്ല പൗരനായി മാറാനും വീണ്ടും അവസരം നല്‍കുന്നതാണ് നല്ല നടപ്പ്.
അതേസമയം കേസുകളുടെ ഗൗരവം നോക്കിയാകും നല്ലനടപ്പ് അനുവദിക്കുക. എന്നാല്‍ ചില കേസുകള്‍ ഇതിന്റെ പരിധിയില്‍ വരികയുമില്ല. 2016 ല്‍ സുപ്രീംകോടതി പുറത്തുവിട്ട ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 1958 ലെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ടാണ് നടപ്പാക്കുന്നത്. ഓഗസ്റ്റ് എട്ടിനു ചേര്‍ന്ന സംസ്ഥാനതല ഉപദേശക സമിതി യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നു. തുടര്‍ന്ന് നിയമം നടപ്പാക്കാന്‍ ഹൈക്കോടതി ജില്ലാക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേസെടുത്തു കഴിഞ്ഞാല്‍ ഉടന്‍ പോലീസ് നല്‍കുന്ന കുറ്റപത്രം ജില്ലാ ജഡ്ജിയുടേയോ മറ്റ് ക്രിമിനല്‍ കോടതിയുടേയോ മുന്നിലെത്തുമ്പോള്‍ പോലീസിന്റെയും പ്രൊബേഷണറി ഓഫീസറുടേയും സഹായത്തോടെ ശേഖരിച്ച കുറ്റവാളിയുടെ വിവരം പരിശോധിക്കും.
കുറ്റകൃത്യത്തില്‍ ആദ്യമായി പെടാന്‍ ഉണ്ടായ സാഹചര്യം വിലയിരുത്തും. പിന്നീട് കുറ്റം ചെയ്തിട്ടുണ്ടെന്നും ആദ്യ കുറ്റമായാല്‍ ശിക്ഷിക്കുന്നില്ല എന്നും കുറ്റവാളിയെ ബോധ്യപ്പെടുത്തും. പിന്നീട് ഇനി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുതെന്നും നിര്‍ദേശം നല്‍കും. തുടര്‍ന്ന ജില്ലാ പ്രൊബേഷണറി ഓഫീസര്‍ നല്‍കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വിട്ടയയ്ക്കും. വിട്ടയയ്ക്കുന്ന ആളെ കൃത്യമായി നിരീക്ഷിക്കുകയും വ്യവസ്ഥ ലംഘിച്ചാല്‍ അതേ കോടതിയില്‍ തന്നെ ഹാജരാക്കി ജയിലില്‍ ഇടുകയും ചെയ്യും.
No comments
Post a Comment