Header Ads

  • Breaking News

    അച്ചടിച്ച പാഠപുസ്തകങ്ങളോടൊപ്പം ഡിജിറ്റല്‍ പാഠപുസ്തകങ്ങളും; പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി


    അടുത്തവര്‍ഷം മുതല്‍ അച്ചടിച്ച പാഠപുസ്തകങ്ങളോടൊപ്പം ഡിജിറ്റല്‍ പാഠപുസ്തകങ്ങളും; പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
    തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ പുതിയ പാഠ്യപദ്ധതി. ലോകത്തിലെ ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ പുതിയ പാഠ്യപദ്ധതികള്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. അതിനുള്ള ശ്രമം കരിക്കുലം കമ്മിറ്റി ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

    സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 141 പൊതുവിദ്യാലയങ്ങള്‍ അടുത്ത പ്രവേശനോത്സവത്തിന് മുമ്പായി അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുമെന്നും ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ സ്‌കൂളുകളും ഹൈടെക്കാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും.

    അടുത്ത വര്‍ഷം അച്ചടിച്ച പാഠപുസ്തകങ്ങളോടൊപ്പം ഡിജിറ്റല്‍ രൂപത്തിലുള്ള പാഠപുസ്തകങ്ങളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പഠന പെഡഗോജി നവീകരിക്കുന്നതിന് സമഗ്ര പോര്‍ട്ടല് രൂപീകരിച്ച് പാഠഭാഗങ്ങളെ ഡിജിറ്റലൈസ് ചെയ്ത് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയാണ്. ടെക്‌നോളജിക്കല്‍ പെഡഗോജി എന്ന ആധുനിക സംവിധാനം സ്‌കൂളുകളില്‍ കൊണ്ടുവരികയാണ്. സംസ്ഥാനത്ത് 500 ഓളം സ്‌കൂളുകളാണ് ഭൗതിക നിലവാരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നത്.

    സംസ്ഥാനത്തെ 45000 ക്ലാസ്സുകള്‍ ഹൈടെക് ആയി കഴിഞ്ഞു. യു പി, എല്‍ പി സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന് ഈ വര്‍ഷം സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നും 300 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പാര്‍ശ്വവല്ക്കരിക്കപ്പെടാത്ത ഒരു ക്ലാസ്സ് മുറിയില്‍ നിന്ന് പാര്‍ശ്വവല്ക്കരിക്കപ്പെടാത്ത ഒരു സമൂഹത്തിലേക്ക് എന്നതാണ് മുദ്രാവാക്യം.

    നാട്ടിലെ ഏത് പാവപ്പെട്ടവനും അത്യന്താധുനികമായ വിദ്യാഭ്യാസം ലഭിക്കാനുള്ള സാധ്യത കേരളത്തില്‍ ഉണ്ടാവുകയാണ്. ഇതെല്ലാം കേരളത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതിന് വേണ്ടിയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad