പയ്യന്നൂരിൽ ബോംബ് സ്ഫോടനങ്ങൾ പതിവാകുന്നു; ഇന്നലെ ഉണ്ടായത് രണ്ട് സ്ഫോടനങ്ങൾ
പയ്യന്നൂര്:
പതിവായി സ്ഫോടനങ്ങള്‍ നടക്കുന്ന രാമന്തളി ചിറ്റടിയിലും കരിവെള്ളൂര്‍ പെരളം ചീറ്റയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എം.വി.സത്യന്റെ വീടിന് മുന്നിലുമാണ് ബോംബ് സ്ഫോടനങ്ങള്‍ നടന്നത്.
ഇന്നലെ രാത്രി ഒമ്പതോടെയാണ് ചിറ്റടിയില്‍ ശക്തമായ ബോംബ് സ്ഫോടനമുണ്ടായത്. കുറ്റിക്കാടുകളും ചെങ്കല്‍പണകളും നിറഞ്ഞ ആള്‍താമസമില്ലാത്ത ഈ പ്രദേശത്ത് നിരവധി സ്ഫോടനങ്ങള്‍ മുമ്പും നടന്നിരുന്നു. ഇതിന്റെ സമീപ പ്രദേശങ്ങളില്‍നിന്നും ബോംബും ബോംബ് നിര്‍മ്മാണ സാമഗ്രികകളും നേരത്തെ കണ്ടെത്തിയിരുന്നതാണ്. ചെറിയൊരു ഇടവേളക്ക് ശേഷമുള്ള സ്ഫോടനം ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. സ്ഫോടന ശബ്ദം കേട്ടിട്ടും ഭീതികാരണം പുറത്തിറങ്ങാനായില്ലെന്ന് പരിസരവാസികള്‍ പറയുന്നു.
ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് കരിവെള്ളൂര്‍ പെരളം ചീറ്റയില്‍ ബോംബ് സ്ഫോടനമുണ്ടായത്. ആര്‍എസ്എസ് മുന്‍ മണ്ഡലം കാര്യവാഹക് കൂടിയായിരുന്ന സത്യന്റെ വീടിന്റെ ഗേറ്റിന് മുന്നിലെ റോഡിലായിരുന്നു ബോംബ് സ്ഫോടനം. ശക്തമായ സ്ഫോടനത്തില്‍ റോഡില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. ശബ്ദം കേട്ടുണര്‍ന്നപ്പോഴേക്കും വാഹനങ്ങള്‍ പോകുന്ന ശബ്ദം കേട്ടതായി സത്യന്‍ പറയുന്നു. സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നേരത്തെ സത്യന്റെ കാറും ടെമ്പോ ട്രാവലറും കത്തിച്ചിരുന്നു. ഈ കേസില്‍ ചിലരെ പോലീസ് അറസ്റ്റുചെയ്തിരുന്നു ശനിയാഴ്ച പയ്യന്നൂരില്‍ കെട്ടിട ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താനിരിക്കെയാണ് ബോംബ് സ്‌ഫോടന പരമ്പര.
No comments
Post a Comment