പരിയാരം ഹൃദയാലയത്തിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നു; ഒരാഴ്ച്ചക്കിടെ മരിച്ചത് മൂന്ന് പേർ
പരിയാരം:
സഹകരണ ഹൃദയാലയയില്‍ ബൈപ്പാസ് ശസ്ത്രക്രിയകള്‍ മുടങ്ങുന്നു, മൂന്ന് അത്യാസന്ന രോഗികള്‍ ഒരാഴ്ച്ചക്കിടയില്‍ മരിച്ചു. കാലാവധി കഴിഞ്ഞ ഹാര്‍ട്ട് ലംങ്ങ് മെഷീന്‍ പണിമുടക്കിയതോടെ നിലവില്‍ ചെയ്തുവന്ന നാല് പ്രതിദിന ശസ്ത്രക്രിയകള്‍ രണ്ടായി കുറച്ചതാണ് രോഗികള്‍ക്ക് വിനയായത്.
കണ്ണൂരില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നും മംഗലാപുരത്തുനിന്നും അടിയന്തിരശസ്ത്രക്രിയകള്‍ക്ക് എത്തുന്നവര്‍ക്ക് ഒന്നരമാസം വരെ നീട്ടിയാണ് ഇപ്പോള്‍ ശസ്ത്രക്രിയ ഡേറ്റ് നല്‍കുന്നത്. ഇത് കാരണം സമയത്ത് ചികില്‍സ ലഭിക്കാതെയാണ് മൂന്ന് മരണങ്ങള്‍ സംഭവിച്ചതെന്ന് ആക്ഷേപമുണ്ട്. സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് പറയുന്ന പരിയാരം മെഡിക്കല്‍ കോളജിന്റെ എംഡിയുടെ ചുമതലയുള്ള ഡോ.സി.രവീന്ദ്രന്‍ ആഴ്ച്ചയിലൊരിക്കല്‍ മാത്രമാണ് ആശുപത്രിയിലെത്തുന്നത്.
പുതിയ ഹാര്‍ട്ട് ലംങ്ങ് മെഷീന്‍ അടിയന്തിരമായി വാങ്ങേണ്ടകാര്യം ഹൃദയാലയ അധികൃതര്‍ എംഡിയെ ധരിപ്പിച്ചുവെങ്കിലും അതിന് ഇ-ടെണ്ടര്‍ വിളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതല്ലാതെ ഇതേവരെ ടെണ്ടര്‍ ക്ഷണിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു. സംസ്ഥാനത്ത് ഹൃദയചികില്‍സയില്‍ മികവിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹൃദയാലയയുടെ പ്രവര്‍ത്തനത്തെ ഇത് ദോഷകരമായി ബാധിച്ചിരിക്കയാണ്.
നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്യാസ്‌ട്രോ എന്റോളജി വിഭാഗം അടച്ചുപൂട്ടിയിട്ട് മൂന്നാഴ്ച്ച പിന്നിട്ടിട്ടും ഇതേവരെ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല.
പ്രതിഷേധത്തെതുടര്‍ന്ന് ഒരു ഡോക്ടറെ നിയമിച്ചുവെങ്കിലും ശസ്ത്രകിയകളോ മറ്റ് ചികില്‍സകളോ ഇതേവരെ പുനരാരംഭിച്ചിട്ടില്ല. അതിഥികളായി വന്നുപോകുന്ന ഭരണാധികാരികള്‍ക്ക് മെഡിക്കല്‍ കോളജിന്റെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പരിഹാരം കാണാന്‍ യാതൊരു താല്‍പര്യമില്ലെന്നും, തകര്‍ച്ചയിലേക്ക് നീങ്ങുന്ന മെഡിക്കല്‍ കോളജിനെ രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ വേണമെന്നും ശക്തമായ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
No comments
Post a Comment