ആശ്വാസവുമായി സർക്കാർ ; നാലുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്നുമുതൽ
പെൻഷന് വേണ്ടി കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത. കഴിഞ്ഞ നാല് മാസത്തെ സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ഇന്നുമുതൽ ആരംഭിക്കും. ഇതിനായി 1893.02 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. സഹകരണ സംഘങ്ങൾ വഴി ഗുണഭോക്താക്കൾക്ക് നേരിട്ട് ലഭിക്കുന്ന പെൻഷൻ തുകയാണ് ഇന്നു മുതൽ വിതരണം ചെയ്യുക.
ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ വരെയുള്ള നാല് മാസത്തെ പെൻഷനാണ് നൽകുന്നത്. ബാങ്ക് മുഖേന പെൻഷൻ ലഭിക്കുന്നവർക്ക് അടുത്ത തിങ്കളാഴ്ച മുതലാണ് അക്കൗണ്ടുകളിലേക്ക് പണം എത്തുക. ക്രിസ്മസിന് മുന്നോടിയായി വിതരണം പൂർത്തിയാക്കാനാണ് ശ്രമം. കർഷക തൊഴിലാളി പെൻഷൻ, വാർധക്യകാല പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയാണ് നൽകുന്നത്.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന 976 കോടി പഞ്ചായത്ത് ഡയറക്ടറുടെ പേരിൽ തിരുവനന്തപുരം എസ്ബിഐ അക്കൗണ്ടിലേക്കും നേരിട്ട് വീടുകളിൽ വിതരണത്തിനാവശ്യമായ 916.88 കോടി വെള്ളയമ്പലം സബ് ട്രഷറിയിലെ സാമൂഹിക സുരക്ഷ പെൻഷൻ അക്കൗണ്ടിലേക്കും മാറ്റാൻ ധനവകുപ്പ് അനുമതി നൽകിയിരുന്നു.
അതേസമയം, അനർഹർ പട്ടികയിൽ ഉൾപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് നേരത്തെ ചിലയിടങ്ങളിൽ തടഞ്ഞ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള പെൻഷൻ വിതരണം ഇപ്പോഴും നടക്കുന്നുണ്ട്. വ്യാപക പരാതിയെ തുടർന്ന് അന്വേഷിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. തുടർന്നാണ് വിതരണം പുനരാരംഭിച്ചത്.
No comments
Post a Comment