CPM നേതാവ് സൈമൺ ബ്രിട്ടോ അന്തരിച്ചു
തൃശൂര്‍ :
ആദ്യകാല എസ്എഫ്‌ഐ നേതാവും അതിജീവനത്തിന്റെയും സമരോത്സുകതയുടെയും പ്രതീകമായിരുന്ന സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടോയ്ക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഭാര്യ: സീന, ഒരു മകള്‍ ഉണ്ട്.
1983 ഒക്‌ടോബർ 14ന് കെഎസ്‌യു പ്രവര്‍ത്തകരുടെ കത്തിക്കുത്തേറ്റ് അരയ്‌ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ട നിലയിലായ ബ്രിട്ടോ വീല്‍ ചെയറില്‍ സഞ്ചരിച്ച് സജീവ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനം തുടരുകയായിരുന്നു. കേരളത്തിലെ പന്ത്രണ്ടാം നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു സൈമൺ ബ്രിട്ടോ.
എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയിൽ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഇറിൻ റോഡ്രിഗ്സിന്റെയും മകനായി 1954 മാർച്ച് 27-ന് ജനിച്ചു. പച്ചാളം സെന്റ് ജോസഫ് എച്ച്.എസ്, എറണാകുളം സെന്റ് ആൽബർട്ട്‌സ് കോളേജ്, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
എൽ.എൽ.ബി. പഠനം പൂർത്തിയാക്കിയിട്ടില്ല. എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
No comments
Post a Comment