ഉപഭോക്താക്കൾ ബാങ്കുകളെ സമീപിക്കുക; ജനുവരി ഒന്ന് മുതൽ ചിപ്പുള്ള കാർഡുകൾ മാത്രം
എടിഎം കാർഡുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാഗ്നറ്റിക് സ്ട്രൈപ്പ് കാർഡുകൾക്ക് നിരോധനം വരുന്നു. ഈ മാസം 31നു ശേഷം ഇത്തരം കാർഡുകളുടെ പ്രവർത്തനം നിലയ്ക്കും. യൂറോ പേ മാസ്റ്റർ കാർഡ് വീസ (ഇഎംവി) ചിപ്പുള്ള പിൻ അധിഷ്ഠിത കാർഡുകൾ മാത്രമേ 2019 ജനുവരി ഒന്ന് മുതൽ പ്രവർത്തിക്കുകയുള്ളു. നിലവിലുള്ള മാഗ്നറ്റിക് സ്ട്രൈപ്പ് കാർഡുകൾക്ക് പകരം ചിപ്പുള്ള കാർഡുകൾ മാറ്റിക്കൊടുക്കാൻ ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.
എസ്ബിഐ അടക്കമുള്ള ബാങ്കുകൾ ഇത്തരം കാർഡുകൾ മാറ്റിക്കൊടുക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനോടകം 60 ശതമാനത്തിലേറെ കാർഡുകൾ മാറ്റി നൽകിയതായി ബാങ്കുകൾ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ശേഷിച്ച കാർഡുകൾ മാറ്റിക്കൊടുക്കുക ദുഷ്കരമായിരിക്കും. അതിനാൽ അവസാന തീയതി നീട്ടണമെന്ന് ബാങ്കുകൾ റിസർവ് ബാങ്കിനോട് അഭ്യർത്ഥിച്ചേക്കും.
2015 സെപ്റ്റംബറിന് മുൻപാണ് ബാങ്കുകൾ മാഗ്നറ്റിക് സ്ട്രൈപ്പ് കാർഡുകൾ വിതരണം ചെയ്തിരുന്നത്. 2015 സെപ്റ്റംബർ മുതൽ പുതുതായി നൽകി വരുന്നത് ചിപ്പുള്ള കാർഡുകളാണ്. അതിനാൽ മൂന്ന് വർഷത്തിലേറെ പഴക്കമുള്ള കാർഡുകളാണ് ഇപ്പോൾ മാറ്റേണ്ടത്.
ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടിവരുന്ന സാഹചര്യത്തിലാണ് കൂടുതൽ സുരക്ഷിതമായ ചിപ്പ് കാർഡുകൾ വ്യാപകമാക്കുന്നത്. ഇഎംവി ചിപ്പ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഓരോ ഇടപാടിനും ഒരു പിൻ ആവശ്യമാണ്. കാർഡ് ഹോൾഡറുടെ വിവരങ്ങൾ സംരക്ഷിക്കുന്ന മൈക്രോ പ്രോസസർ ചിപ്പ് അടങ്ങിയതാണ് ഇത്തരം കാർഡുകൾ.
ബാങ്കുകളെ സമീപിക്കുക
നിങ്ങളുടെ ഡെബിറ്റ് കാർഡ് ചിപ്പുള്ളതല്ലെങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെടുക. ഡിസംബർ 31നുള്ളിൽ തന്നെ ചിപ്പുള്ള പുതിയ കാർഡ് ആക്ടിവേറ്റ് ചെയ്യാൻ ശ്രദ്ധിക്കണം.
പുതിയ നിയമം ക്രെഡിറ്റ് കാർഡുകൾക്കും ബാധകമാണ്. ജനുവരി ഒന്ന് മുതൽ ചിപ്പുള്ളത് നിർബന്ധമാണ്. നിങ്ങളുടെ കൈവശമുള്ളത് ചിപ്പില്ലാത്ത ക്രെഡിറ്റ് കാർഡ് ആണെങ്കിൽ എത്രയും വേഗം കാർഡ് കമ്പനിയെ ഏൽപ്പിക്കണം.
No comments
Post a Comment