ഗോ എയറിന്റെ കേരളത്തിലെ കേന്ദ്രമായി കണ്ണൂർ. ഉഡാൻ സർവീസുമായി ഇൻഡിഗോ.
കണ്ണൂർ:
ഗോ എയറിന്റെ കേരളത്തിലെ ഹബ്ബായി കണ്ണൂർ വിമാനത്താവളം. ഗൾഫിലേക്കുള്ള അവരുടെ ആദ്യസർവീസ് ഫെബ്രുവരി ഒന്നിന് കണ്ണൂരിൽനിന്ന് ആരംഭിക്കും. മസ്കറ്റിലേക്കാണ് ആദ്യ സർവീസ്. തുടർന്ന് കണ്ണൂർ കേന്ദ്രമാക്കി കൂടുതൽ അന്താരാഷ്ട്ര സർവീസ് തുടങ്ങും. അബുദാബി, ദമാം എന്നിവിടങ്ങളിലേക്കും ഫെബ്രുവരിയിൽത്തന്നെ സർവീസുണ്ടാകും. ഗോ എയറിനായി നാല് പുതിയ വിമാനങ്ങൾ അടുത്തമാസത്തോടെ കണ്ണൂരിലെത്താൻ സാധ്യത തെളിഞ്ഞിട്ടുണ്ട്. ഇതോടെ കൂടുതൽ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കും. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്തുന്ന മൂന്ന് വിമാനങ്ങളിൽ രണ്ടും ഗോ എയറിന്റെതാണ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് സർവീസ്. വിവിധ ഗൾഫ് രാജ്യങ്ങളിലേക്കായി ആഴ്ചയിൽ 14 സർവീസ് നടത്തുന്ന എയർ ഇന്ത്യാ എക്സ്പ്രസ് ഒരു വിമാനമുപയോഗിച്ചാണ് അധികം ഇടവേളകളില്ലാതെ സർവീസ് നടത്തുന്നത്. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോ എയർലൈൻസാണ് ആദ്യം ഉഡാൻ സർവീസ് തുടങ്ങുക. ജനുവരി 25-ന് സർവീസ് ആരംഭിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ ക്രമീകരണം. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഹുബ്ബള്ളി എന്നിവിടങ്ങളിലേക്കുള്ള ഉഡാൻ സർവീസിന് പുറമെ സാധാരണ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ നടത്താനും ഇൻഡിഗോ അനുമതി തേടിയിട്ടുണ്ട്.
No comments
Post a Comment