ആധാര്‍ നമ്പറിന് പകരം വിര്‍ച്വല്‍ ടോക്കണ്‍, ഭാവിയില്‍ ബാങ്കുകള്‍ക്കും ടെലികോം കമ്പനികള്‍ക്കും ആധാര്‍ വിവരങ്ങള്‍ ലഭിക്കാം
ആധാറിനെ ബാങ്ക് അക്കൗണ്ടുമായും മൊബൈല്‍ നമ്പറുമായും വീണ്ടും ബന്ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിന് നിയമത്തിന്റെ പിന്‍ബലം നല്‍കുന്നതിനുളള സാധ്യത തേടുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ടെലിഗ്രാഫ് ആക്ടും കളളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമവും ഭേദഗതി ചെയ്യുന്നതിനുളള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബാങ്ക് അക്കൗണ്ടിനെയും മൊബൈല്‍ നമ്പറിനെയും സ്വമേധയാ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സാധ്യതയാണ് കേന്ദ്ര ഐടി മന്ത്രാലയം തേടുന്നത്. എന്നാല്‍ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇതിന് നിയമത്തിന്റെ പിന്‍ബലം ആവശ്യമാണ്. വിവിധ തലങ്ങളില്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമോയെന്നാണ് ഐടി മന്ത്രാലയം പരിശോധിക്കുന്നത്.
ഇതിന്റെ ഭാഗമായി ധനം, ടെലികോം എന്നി മന്ത്രാലയങ്ങളെയും ഐടി മന്ത്രാലയം സമീപിച്ചിട്ടുണ്ട്.
ആധാര്‍ നിയമം ഭേദഗതി ചെയ്ത് വിര്‍ച്വല്‍ ടോക്കണ്‍ എന്ന സമ്പ്രദായം ഉള്‍പ്പെടുത്തുന്ന കാര്യവും ഐടി മന്ത്രാലയം പരിഗണിക്കുന്നുണ്ട്. ശരിയായ ആധാര്‍ നമ്പര്‍ പങ്കുവെയ്ക്കാതെ തന്നെ ഇടപാട് നടത്താന്‍ സഹായിക്കുന്നതാണ് വിര്‍ച്വല്‍ ടോക്കണ്‍ സമ്പ്രദായം. ഇതിലുടെ ആധാര്‍ നമ്പര്‍ ചോരുന്നത് ഉള്‍പ്പെടെയുളള സുരക്ഷാ വീഴ്ചകള്‍ തടയാന്‍ കഴിയുമെന്ന് കണക്കുകൂട്ടുന്നു. എങ്കിലും ഇതിനും നിയമത്തിന്റെ ശക്തമായ പിന്തുണ ആവശ്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നു.
ആധാറുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയില്‍ റദ്ദ് ചെയ്ത വകുപ്പുകള്‍ തിരികെ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് താത്പര്യമില്ല. പകരം പുതിയ ഭേദഗതികള്‍ ഉള്‍പ്പെടുത്തി നിയമം ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഏതെങ്കിലും പ്രത്യേക സേവനത്തെ ആധാറുമായി ബന്ധിപ്പിക്കാന്‍ സുപ്രിംകോടതി വിധി അവസരം നല്‍കുന്നു എന്നാണ് സര്‍ക്കാര്‍ വ്യാഖ്യാനം. അങ്ങനെയെങ്കില്‍ ടെലിഗ്രാഫ് നിയമത്തില്‍ ഭേദഗതി വരുത്തി ആധാറിനെ ഉപഭോക്താവിനെ തിരിച്ചറിയാം എന്ന ഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
No comments
Post a Comment