പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ വരുമാനം മുന്നോട്ടും , വികസനം പിന്നോട്ടും
പഴയങ്ങാടി:
വരുമാനത്തിൽ ഏറെ മുൻപിലെത്തിയിട്ടും വികസനത്തിൽ പിന്നിലേക്കാണു പഴയങ്ങാടി റെയിൽവേ സ്റ്റേഷന്റെ യാത്ര.
യാത്രക്കാർക്കു വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സൗകര്യമില്ലാത്തതാണ് ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നത്.
ആയിരക്കണക്കിന് യാത്രക്കാരുളള പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ പരിമിതമായ സ്ഥലം മാത്രമാണു വാഹന പാർക്കിങ്ങിനായി ഒരുക്കിയിട്ടുള്ളത്. റെയിൽവേ സ്റ്റേഷന് ഇരുഭാഗത്തും ഏക്കർകണക്കിന് സ്ഥലം ഉണ്ടായിട്ടും പാർക്കിങ് സൗകര്യമൊരുക്കാത്തതിൽ യാത്രക്കാർക്കു കടുത്ത പ്രതിഷേധമുണ്ട്.
ഒന്നാം പ്ലാറ്റ്ഫോമിനു സമീപം പേ പാർക്കിങ് സംവിധാനം ഉണ്ടെങ്കിലും അതും സ്ഥലപരിമിതിയിൽ വീർപ്പ് മുട്ടുകയാണ്. രണ്ടാംപ്ലാറ്റ് ഫോമിന് സമീപം കാടുമൂടിക്കിടക്കുന്ന സ്ഥലം പാർക്കിങ്ങിനായി ഉപയോഗപ്പെടുത്തിയാൽ സമീപത്തെ റോഡരികിലെ വാഹന പാർക്കിങ് ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. പൊലീസ് നോപാർക്കിങ് ബോർഡ് സ്ഥാപിച്ച സ്ഥലത്താണ് ഇരുചക്രവാഹനങ്ങളുൾപ്പടെ പാർക്ക് ചെയ്യുന്നത്.
ഇതു പ്രദേശവാസികൾക്കും മാടായി–ചൈനാക്ലേ റോഡിലൂടെയുളള വാഹനയാത്രയ്ക്കും ഏറെ ദുരിതം തീർക്കുന്നുണ്ട്. രണ്ടാം പ്ലാറ്റ്ഫോമിനു സമീപത്തെ കാട് വൃത്തിയാക്കി വാഹനപാർക്കിങ്ങിനു സൗകര്യമൊരുക്കണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു.
കൂടാതെ, ദീർഘദൂര ട്രെയിനുകൾക്കു പഴയങ്ങാടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.
No comments
Post a Comment