എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍ -മസ്കത്ത് സര്‍വിസ് ഏപ്രിലില്‍
കണ്ണൂര്‍:
എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍-മസ്കത്ത് സര്‍വിസ് ഏപ്രിലില്‍ ആരംഭിക്കും. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് സര്‍വിസുകള്‍ മാത്രമാണുണ്ടാവുക. ഇതോടെ സ്വന്തം നാട്ടില്‍ നേരിട്ട് വിമാനമിറങ്ങുകയെന്ന ഒമാനിലെ കണ്ണൂരുകാരുടെ സ്വപ്നം പൂവണിയും. എയര്‍ ഇന്ത്യ എക്സ്പ്രസിെന്റ നെറ്റ്വര്ക് പ്ലാനിങ് ആന്‍ഡ് ഷെഡ്യൂളിങ് മാനേജര്‍ രൂപാലി ഹാലങ്കാര്‍ മുതിര്‍ന്ന കെ.എം.സി.സി നേതാവും സാമൂഹികപ്രവര്‍ത്തകനുമായ പി.എ.വി. അബൂബക്കറിന് നല്കിയ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒമാനില്‍നിന്ന് കേരളത്തിലേക്കുള്ള സര്‍വിസുകള്‍ വര്‍ധിപ്പിക്കും.
ആഴ്ചയില്‍ മൊത്തം സര്‍വിസുകളുടെ എണ്ണം 26 ആക്കി ഉയര്‍ത്തും. ഒമാനില്‍ ജോലിചെയ്യുന്ന കേരളീയരായ യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതായും രൂപാലി ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മസ്കത്തിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി.എ.വി. അബൂബക്കര്‍ കേന്ദ്ര വ്യോമയാനമന്ത്രി, കേരള മുഖ്യമന്ത്രി, എയര്‍ ഇന്ത്യ അധികൃതര്‍, കിയാല്‍ അധികൃതര്‍, എയര്‍ ഇന്ത്യ ഒമാന്‍ മേധാവി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
കണ്ണൂര്‍-മസ്കത്ത് സര്‍വിസ് അനന്തമായി വൈകിപ്പിക്കുന്നത് പ്രതിഷേധാര്‍ഹവും നീതീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം നിവേദനത്തില്‍ പറഞ്ഞിരുന്നു. ഇൗ നിവേദനത്തിനുള്ള മറുപടിയിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ സര്‍വിസ് തുടങ്ങുന്ന സമയം അറിയിച്ചത്.
കണ്ണൂരില്‍നിന്ന് ഏപ്രിലില്‍ സര്‍വിസ് തുടങ്ങുമെന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെ അറിയിപ്പ് സന്തോഷം നല്‍കുന്നതാണെന്ന് പി.എ.വി. അബൂബക്കര്‍ പറഞ്ഞു.
എന്നാല്‍, ഏപ്രില്‍ വരെ നീട്ടിക്കൊണ്ടുപോവുന്നതില്‍ നിരാശയുണ്ട്. ആഴ്ചയില്‍ മൂന്ന് സര്‍വിസുകള്‍ എന്നത് വര്‍ധിപ്പിക്കണം. ഒമാനിലെ പ്രവാസികളില്‍ വലിയ വിഭാഗം കണ്ണൂരുമായി ബന്ധെപ്പട്ടവരാണ്. അതിനാല്‍, മസ്കത്ത് സര്‍വിസുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ടതുണ്ട്. താന്‍ നല്കിയ നിവേദനത്തിന് മുഖ്യമന്ത്രിയുടെ ഒാഫിസില്‍നിന്ന് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് കാണിച്ച് മറുപടി ലഭിച്ചിരുന്നു.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍നിന്നും കിയാലില്നിന്നുമുള്ള മറുപടികള്‍ക്ക് കാത്തിരിക്കുകയാണെന്നും പി.എ.വി. അബൂബക്കര്‍ പറഞ്ഞു.
എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസുകള്‍ വൈകുന്നത് വിദേശ വിമാനക്കമ്ബനികളുടെ സര്‍വിസുകളും വൈകാന്‍ കാരണമാക്കും. ഒമാനില്‍നിന്ന് സലാംഎയറും ഒമാന്‍ എയറും കണ്ണൂരിലേക്ക് സര്‍വിസ് നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും എയര്‍ ഇന്ത്യ സര്‍വിസുകള്‍ വൈകുന്നതിനാല്‍ ഇവയും വൈകാനാണ് സാധ്യത.
No comments
Post a Comment