Header Ads

  • Breaking News

    കൂത്തുപറമ്പ് കായലോട്ട് വാഹനാപകടം: 10 പേർക്കു പരിക്ക്




    കൂത്തുപറമ്പ്:
    കണ്ണൂർ-കൂത്തുപറമ്പ് റോഡിലെ കായലോട് ജങ്‌ഷനിലുണ്ടായ വാഹനാപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. രണ്ടു ബസ്, ടിപ്പർ ലോറി, കാർ, നാലു ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്.

    ബൈക്ക് യാത്രക്കാരനായ കൂത്തുപറമ്പ് മാധവി നിവാസിലെ സിവിൽ എക്‌സൈസ് ഓഫീസർ ബാബു ജയേഷിന് (34) സാരമായി പരിക്കേറ്റു.

    ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കാർയാത്രക്കാരായ പുറക്കളം പീടികക്കണ്ടി ഹൗസിൽ ആയിഷ (45), സിയാദ് (30), ഷിസാൻ (15) എന്നിവരെയും ലോറി ഡ്രൈവറായ വേങ്ങാട് ഊർപ്പള്ളിയിലെ അനിഷ നിവാസിൽ അനിൽ (35), ബസ് ക്ലീനർ കാപ്പുമ്മൽ മാടത്തിൽ ഹൗസിൽ വിജയൻ (60) എന്നിവരെയും തലശ്ശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

    തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയാണ് അപകടമുണ്ടായത്. ചെറുതും വലുതുമായ എട്ട് വാഹനങ്ങളാണ് ഒരേസമയം അപകടത്തിൽപ്പെട്ടത്. കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് നിയന്ത്രണംവിട്ട് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസ്സിൽ ഇടിച്ചതായിരുന്നു അപകടത്തിന്റെ തുടക്കം.

     ശക്തമായ ഇടിയിൽ നിയന്ത്രണംവിട്ട ഇരുബസ്സുകളും തുടർന്ന് കാർ, ടിപ്പർലോറി, നാല് ബൈക്കുകൾ എന്നിവയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ടിപ്പറിനടിയിൽ കുടുങ്ങിപ്പോയ ബൈക്ക് യാത്രക്കാരനെയും ടിപ്പർ ഡ്രൈവറെയും ഏറെ സമയത്തിനുശേഷം വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

    സാരമായി പരിക്കേറ്റ ടിപ്പർ ഡ്രൈവർ, ബൈക്ക് യാത്രക്കാരൻ എന്നിവരുൾപ്പെടെ പത്തുപേർ വിവിധ ആസ്പത്രികളിൽ ചികിത്സയിലാണ്. വാഹനങ്ങളെല്ലാം പൂർണമായും തകർന്നു.
    കൂത്തുപറമ്പ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ ആസ്പത്രികളിലേക്ക് മാറ്റിയത്. കൂത്തുപറമ്പ്, പിണറായി പോലീസും സ്ഥലത്തെത്തിയിരുന്നു.

    അപകടത്തെ തുടർന്ന് കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ ഏറെസമയം വാഹനഗതാഗതം സ്തംഭിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കംചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

    വിവരമറിഞ്ഞ് നൂറുകണക്കിനാളുകൾ സ്ഥലത്തെത്തി. അപകടത്തെക്കുറിച്ച് പിണറായി പോലീസ് അന്വേഷണം തുടങ്ങി.

    No comments

    Post Top Ad

    Post Bottom Ad