രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ദിവസവും പുതിയ ടെക്നോളജിയും പ്ലാനുകളുമാണ് അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി ആപ്പുകളാണ് ജിയോ അവതരിപ്പിച്ചത്. ജിയോ മ്യൂസിക്, ജിയോ മണി, ജിയോ ടിവി എന്നിവ പ്രധാനപ്പെട്ട ചില ജിയോ ആപ്പുകളാണ്. ഇതിൽ ജനപ്രീതി നേടിയ ആപ് ജിയോ ടിവിയാണ്. കേബിളും ഡിടിഎച്ച് സംവിധാനമൊന്നും വേണ്ടാതെ എപ്പോഴും എവിടെ നിന്നും ഉപയോഗിക്കാൻ സാധിക്കുന്ന ആപ്പാണ് ജിയോ ടിവി. ജിയോ ടിവി വഴി ലഭിക്കുന്ന ചാനലുകളുടെ എണ്ണവും പ്രോഗ്രാമുകളും ഓരോ ദിവസവും കൂടുന്നുമുണ്ട്.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ജിയോ ടിവി വഴി ലഭിക്കുന്ന ലൈവ് ചാനലുകളുടെ എണ്ണം 626 ൽ എത്തിയിരിക്കുന്നു. ഇന്ത്യയിൽ ഒരു ആപ് വഴി ഏറ്റവും കൂടുതൽ ലൈവ് ചാനലുകള്‍ നൽകുന്ന സർവീസ് എന്നതും ജിയോടിവി സ്വന്തമാക്കി. വോഡഫോൺ പ്ലേ, എയർടെൽ എന്നീ ആപ്പുകളേക്കാൾ കൂടുതൽ ചാനലുകളാണ് ജിയോ നല്‍കുന്നത്.
ആൻഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളിൽ സൗജന്യമായാണ് ജിയോടിവി സേവനം നല്‍കുന്നത്. ജിയോ ടിവിയിലെ ചാനലുകൾ 12 വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. സിനിമ, വിനോദം, കായികം, ന്യൂസ് റീജ്യനൽ, മതം തുടങ്ങിയവ പ്രധാന വിഭാഗങ്ങളാണ്. മലയാളം ഉൾപ്പടെ 16 ഭാഷകളിലുള്ള ചാനലുകളും ലഭ്യമാണ്. 621 ചാനലുകളിൽ 140 തിൽ കൂടുതൽ എച്ച്ഡി ചാനലുകളും ഉൾപ്പെടും.
621 ചാനലുകളിൽ 197 ന്യൂസ്, 123 വിനോദം, 54 മതം, 49 വിദ്യാഭ്യാസം, 27 കിഡ്സ്, 35 ഇൻഫോടെയ്ൻമെന്റ്, 8 വാണിജ്യ ന്യൂസ്, 10 ലൈഫ്സ്റ്റൈൽ ചാനലുകള്‍ ഉൾപ്പെടും. പ്ലേസ്റ്റോറിൽ ജിയോടിവിയുടെ ആപ് ഡൗൺലോഡിങ് പത്ത് കോടി കവിഞ്ഞു. എയർടെൽ ടിവി 375 പ്ലസ് ചാനലുകൾ നൽകുമ്പോൾ വോഡഫോൺ പ്ലേ 300 ലൈവ് ചാനലുകളാണ് ഓഫര്‍ ചെയ്യുന്നത്.
സ്റ്റാർ ഇന്ത്യ, സൺടിവി നെറ്റ്‌വർക്ക്, സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യ എന്നിവരുടെ എല്ലാ ചാനലകളും ജിയോ ടിവി വഴി ലഭിക്കും. സ്മാർട് ഫോണിലും സ്മാർട് ടിവിയിലും ജിയോ ടിവി ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ലൈവ് ചാനലുകളും സിനിമയും ആസ്വദിക്കാം. നിലവിൽ ഡിടിഎച്ച്, കേബിൾ നെറ്റ്‌വർക്കുകൾ നൽകുന്നതിനേക്കാൾ കൂടുതൽ ചാനലുകൾ ജിയോടിവി വഴി നൽകുന്നുണ്ട്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാർക്കെല്ലാം സൗജന്യമായാണ് ജിയോടിവി സര്‍വീസ് നൽകുന്നത്.
No comments
Post a Comment