തളിപ്പറമ്പിൽ ഭ്രാന്തന് നായയുടെ പരാക്രമം: 16 പേര്‍ക്ക് കടിയേറ്റു
തളിപ്പറമ്പ്:
പൂക്കോത്ത് തെരുവില്‍ ഭ്രാന്തന് നായയുടെ പരാക്രമത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. മാനേങ്കാവിന് സമീപത്തെ പി.കാര്‍ത്യായനി (62 ), ടി .പ്രമോദ് (50), യശോദ നാരായണന് (55), ലളിത മനോഹരന് (42), പൂക്കോത്ത് നടയ്ക്ക് സമീപത്തെ ഗൗരിക്കുട്ടി (52) എന്നിവരടക്കം 16 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. പേയിളകിയ നായ വൈകുന്നേരം അഞ്ചുവരെ പരാക്രമം നടത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. നായയെ പിന്നീട് നാട്ടുകാര്‍ അടിച്ചുകൊന്നു.
സാരമായി പരിക്കേറ്റ കാര്‍ത്യായനിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ടി .പ്രമോദ്, യശോദ, ലളിത, ഗൗരിക്കുട്ടി എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കടിയേറ്റ മറ്റുള്ളവര്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. പൂക്കോത്ത് തെരുവിലെ കാനത്ത് ശിവക്ഷേത്രം ഉത്സവം നടക്കുന്ന പ്രദേശത്ത് വച്ചാണ് പ്രമോദിനും യശോദയ്ക്കും ലളിതയ്ക്കും കടിയേറ്റത്. കാര്‍ത്യായനിയും ഗൗരിക്കുട്ടിയും ഇവിടെനിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് ഇരുവര്‍ക്കും സ്വന്തം വീടുകളില്‍ വച്ചാണ് നായയുടെ കടിയേറ്റത്. പൂക്കോത്ത് തെരുവിലെ മാനേങ്കാവ്, കാന്തേരം, മുണ്ട്യ കാവ്, കുട്ടിക്കുന്ന് പറമ്ബ്, മുച്ചിലോട്ട്കാവ്, പൂക്കോത്ത് നട തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ മുതലാണ് ഭ്രാന്തന് നായ എത്തി നാട്ടുകാരെ ആക്രമിക്കാന്‍ തുടങ്ങിയത്.
വിവരമറിഞ്ഞ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലിസും നാട്ടുകാരുടെ സുരക്ഷയ്ക്കെത്തിയിരുന്നു.
സമീപത്തെ പേയിളകിയ നായ ഇറങ്ങിയ വിവരം പൂക്കോത്ത് കൊട്ടാരം ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ജാഗ്രത പാലിച്ചിരുന്നു. ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ ഭ്രാന്തന് നായയുടെ അക്രമത്തില്‍ നിന്ന് നിരവധി പേര് രക്ഷപ്പെട്ടു.
No comments
Post a Comment