18,000 mAh ബാറ്ററി ഫോണുമായി എനര്‍ജൈസര്‍; മടക്കാവുന്ന സ്ക്രീനും
ലോകത്തെ ഏറ്റവും വലിയ ബാറ്ററി നിര്‍മാണ കമ്പനികളിലൊന്നായ എനര്‍ജൈസര്‍ (Energizer) അദ്ഭുതപ്പെടുത്തുന്നത് ഒരുമിച്ച് 26 മോഡലുകള്‍ ഇറക്കിയാണ്. ഇവയില്‍ ചില മോഡലുകള്‍ക്ക് 18,000 എംഎഎച്ച് ബാറ്ററിയും പുറത്തേക്കു തള്ളിവരുന്ന ക്യാമറ സിസ്റ്റവും ഫോള്‍ഡബിൾ ഡിസ്‌പ്ലെയും ഉണ്ടായിരിക്കുമെന്നാണ് അമേരിക്കന്‍ കമ്പനി പറയുന്നത്.
ഈ ഫീച്ചറുകളെല്ലാം ഒരു ഫോണില്‍ വന്നിരുന്നെങ്കിലെന്ന് സ്മാര്‍ട് ഫോണ്‍ പ്രേമികള്‍ മോഹിച്ചു പോയാല്‍ അവരെ തെറ്റു പറയാനൊക്കില്ല. പക്ഷേ, അവയെല്ലാം വ്യത്യസ്ത മോഡലുകളുടെ ഫീച്ചറുകളാണെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. മൊബൈല്‍ ഫോണ്‍ നിര്‍മാണം കിതച്ചു തുടങ്ങുന്ന, വൈകിയ വേളയില്‍, രംഗത്തെത്തുന്ന അമേരിക്കന്‍ ബാറ്ററി നിര്‍മാണ ഭീമനായ എനര്‍ജൈസര്‍ പുതിയ മോഡലുകളെല്ലാം മൊബൈല്‍ഡ് വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്നാണ് പറയുന്നത്. ചുരുക്കി പറഞ്ഞാല്‍ ഇനി മൊബൈല്‍ ഫോണ്‍ പ്രേമികള്‍ക്ക് മനസ്സില്‍ വയ്ക്കാന്‍ മറ്റൊരു പേരും കൂടെ വരുന്നു, എനര്‍ജൈസര്‍.
നാലു ശ്രേണികളിലായാണ് 26 മോഡലുകളെ അവതരിപ്പിക്കുന്നത്. പവര്‍ മാക്‌സ്, അള്‍ട്ടിമേറ്റ്, എനര്‍ജി, ഹാര്‍ഡ്‌കെയ്‌സ് എന്നിവയാണ് അവ. ഇവയില്‍ ഭൂരിഭാഗവും ബേസിക് ഫോണുകളായിരിക്കും.
ഇവയാണ് എനര്‍ജി, ഹാര്‍ഡ്‌കെയ്‌സ് സീരിസില്‍ ലഭ്യമാക്കുക. പവര്‍ മാക്‌സ് ശ്രേണിയിലാണ് 18,000 എംഎഎച്ച് ബാറ്ററിയുള്ള ഫോണുകള്‍ വരിക. ഇതായിരിക്കും ഇനി ലോകത്തെ ഏറ്റവും ഭീമന്‍ ബാറ്ററിയുള്ള ഫോണ്‍. രണ്ടാം സ്ഥാനം എനര്‍ജൈസറിന്റെ തന്നെ പവര്‍ മാക്‌സ് P16K എന്ന മോഡലിനാണ്. അള്‍ട്ടിമേറ്റ് റെയ്ഞ്ചില്‍ വരുന്ന ഫോണുകളില്‍ പോപ്-അപ് ക്യാമറകളും, വാട്ടർഡ്രോപ് ആകൃതിയിലുള്ള നോച്ചും ആയിരിക്കും.
പുറത്തു വന്നിരിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ എനര്‍ജൈസര്‍ അള്‍ട്ടിമേറ്റ് U620S പോപ്, U630S പോപ് എന്നീ മോഡലുകള്‍ യഥാക്രമം മീഡിയടെക് ഹെലിയോ P70, P22 എന്നീ പ്രൊസസറുകള്‍ ഉള്ളവയാണ്. ഇവയ്ക്ക് തള്ളിവരുന്ന, മോട്ടൊറൈസ്ഡ് ഇരട്ട ക്യാമറ സിസ്റ്റങ്ങളുമുണ്ട്.
16 എംപി പ്രധാന സെന്‍സറും 2എംപി ഡെപ്ത് സെന്‍സറുമാണ് ഇതിലുണ്ടാകുക. ഇവയില്‍ U620S മോഡലിന്, പോപ് അപ് ക്യാമറ കൂടാതെ, പിന്നില്‍ 16എംപി, 5എംപി, 2എംപി ട്രിപ്പിള്‍ ക്യാമറാ സെറ്റ്-അപ്പും ഉണ്ടാകുമെന്നും പറയുന്നു. ഈ മോഡലിന് 6 ജിബി റാമും 128 ജിബി സംഭരണ ശേഷിയുമായിരിക്കും ഉണ്ടാകുക. ഇത് ജൂലൈയില്‍ വിപണിയില്‍ എത്തുമെന്നു പറയുന്നു/ U630Sന് ആകട്ടെ, 4ജിബി റാം, 64ജിബി സംഭരണശേഷി തുടങ്ങിയ ഫീച്ചറുകളാണ് പ്രതീക്ഷിക്കുന്നത്.
പുറത്തിറക്കാന്‍ പോകുന്ന 26 മോഡലുകളിലെ താരങ്ങളായിരിക്കുമെന്നു പറയുന്ന ഫോള്‍ഡബിൾ ഫോണിന്റെയോ, 18,000 എംഎഎച്ച് ബാറ്ററിയുളള മോഡലിന്റെയോ ചിത്രങ്ങളൊന്നും ലഭ്യമാക്കിയിട്ടില്ല. ഒരു ഫ്രെഞ്ച് കമ്പനിയാണ് (Avenir Telecom) എനര്‍ജൈസറിനു വേണ്ടി ഫോണുകള്‍ നിര്‍മിക്കുന്നതെന്നും പറയുന്നു. ഇതൊരു സാധാരണ കമ്പനിയാണെന്നാണ് വാര്‍ത്ത. ഇത്തരമൊരു കമ്പനിക്കു പോലും തള്ളിവരുന്ന ക്യാമറ സിസ്റ്റവും മടക്കാവുന്ന സ്‌ക്രീനുമൊക്കെ നിര്‍മിക്കാനാകുമെങ്കില്‍ ഇത്തരം സാങ്കേതികവിദ്യയൊക്കെ ആര്‍ക്കും ഉപയോഗിക്കാവുന്ന കാലത്താണ് നാം നില്‍ക്കുന്നത് എന്നതിന്റെ സൂചനയാണെന്നും പറയുന്നു.
ഫെബ്രുവരി 25നു തുടങ്ങുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ എല്ലാ വിവരങ്ങളും പുറത്തു വരുമെന്നു കരുതുന്നു. അത്ര വിലയിട്ടില്ലെങ്കില്‍ ബാറ്ററി നിര്‍മാണ ഭീമന്‍ ഇറക്കുന്ന 18,000 എംഎഎച്ച് ബാറ്ററിയുള്ള ഫോണ്‍ പലരും വാങ്ങാന്‍ ആഗ്രഹിച്ചേക്കും.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
No comments
Post a Comment