എരിപുരം ജംഗ്ഷൻ ഇരുട്ടിൽ ; സോളാർ വിളക്കുകൾ പ്രകാശിക്കുന്നില്ല
എരിപുരം :
പിലാത്തറ- പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ എരിപുരം പോലീസ് സ്റ്റേഷൻ ജംഗ്ഷനിലെ ട്രാഫിക് സർക്കിളിനടുത്തായി സ്ഥാപിച്ച സോളാർ വിളക്കുകൾ പ്രകാശിക്കുന്നില്ല .
പേരിന് ഒന്നോ രണ്ടോ മാത്രമാണ് ഇപ്പോൾ കത്തുന്നത്. സോളാർ വിളക്കിന്റെ പാനൽ വള്ളിപ്പടർപ്പുകൊണ്ട് മൂടിയിരിക്കുകയാണ്..
പോലീസ് സ്റ്റേഷന് മുന്നിലെ ലൈറ്റും പോലീസ് സ്റ്റേഷന് ഇടതുവശത്തായിയുള്ള ലൈറ്റും മുദ്രയുടെ മുന്നിലെ ലൈറ്റും കത്താതായിട്ട് മാസങ്ങളായി.
റോഡിലെ പ്രധാന കവലയായ ഇവിടെനിന്നാണ് മുട്ടം, ഏഴോം ഭാഗങ്ങളിലേക്ക് വാഹനങ്ങൾ തിരിഞ്ഞുപോകുന്നത്..
പ്രഭാതസവാരിക്കാർക്കും വൈകീട്ട് കാൽനടയായി ഇതുവഴി കടന്നുപോകുന്നവരെയും വെളിച്ചക്കുറവ് ബുദ്ധിമുട്ടിക്കുന്നുണ്ട്. തെരുവുനായ്ക്കളുടെ ശല്യവും ഈഭാഗത്ത് കൂടിവരുന്നുണ്ട്..
താവം മേല്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ വലിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഇടതടവില്ലാതെ കെ.എസ്.ടി.പി. റോഡുവഴിയാണ് കടന്നുപോകുന്നത്..
എരിപുരം ഇറക്കം കഴിഞ്ഞുവരുന്ന ട്രാഫിക് സർക്കിളിൽ രാത്രിയുണ്ടാകുന്ന വെളിച്ചക്കുറവ് അപകടസാധ്യതയുണ്ടാക്കുന്നു.. അധികൃതർ സോളാർ വിളക്കുകൾ കത്തിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം
No comments
Post a Comment