സി വിജില്‍ പണി തുടങ്ങി; രണ്ട് ദിവസത്തിനകം ലഭിച്ചത് 30 ഓളം പരാതികള്‍
കണ്ണൂര്‍:
പെരുമാറ്റച്ചട്ടലംഘനം അധികൃതരെ അറിയിക്കാന്‍ സാധാരണക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സി വിജില്‍ (cVIGIL) മൊബൈല്‍ ആപ്പ് പ്രവര്‍ത്തനം തുടങ്ങി. ആരംഭിച്ച് രണ്ടുദിവസത്തിനകം മുപ്പതോളം പരാതികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, സ്തൂപങ്ങള്‍, ചുവരെഴുത്തുകള്‍, പണം കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജിലില്‍ കൂടുതലായും ലഭിച്ചത്. സോഷ്യല്‍ മീഡിയയിലെ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതിയും ഫോട്ടോ സഹിതം സിവിജിലില്‍ ലഭിച്ചവയില്‍ പെടും. എന്നാല്‍ ഇത് സി വിജിലിന്റെ പരിധിയില്‍ പെടാത്തതായിനാല്‍ ബന്ധപ്പെട്ട വിഭാഗത്തിലേക്ക് കൈമാറിയിട്ടുണ്ട്.
മാതൃകാ പെരുമാറ്റച്ചട്ടം, തെരഞ്ഞെടുപ്പ് ചെലവുകള്‍ തുടങ്ങിയവയുടെ ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അപ്പപ്പോള്‍ അധികൃതരെ അറിയിക്കാനുള്ള സൗകര്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിവിജില്‍ ആപ്ലിക്കേഷനിലൂടെ ഒരുക്കിയിരിക്കുന്നത്. ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടുമിനുട്ടില്‍ കൂടാത്ത വീഡിയോ എന്നിവ സഹിതം ഒരു ചെറു കുറിപ്പോടെ നല്‍കുന്ന പരാതികള്‍ക്ക് 100 മിനുട്ടിനുള്ളില്‍ നടപടിയുണ്ടാവുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സി വിജില്‍ ആപ്ലിക്കേഷന്‍ ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും അല്ലാതെയും ആപ്പ് പ്രവര്‍ത്തിക്കും. പരാതിപ്പെടുന്നയാളിന്റെ വിവരങ്ങള്‍ മറ്റുള്ളവര്‍ അറിയരുതെന്ന് താല്‍പര്യം ഉള്ളവര്‍ക്ക് മൊബൈല്‍ നമ്ബര്‍ നല്‍കാതെ അനോനിമസായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതേസമയം, അധികൃതരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സി വിജില്‍ ആപ്പ് ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
സി വിജില്‍ വഴി ലഭിക്കുന്ന പരാതികള്‍ ജില്ലാതലത്തിലുള്ള ഡിസ്ട്രിക്റ്റ് കോണ്‍ടാക്റ്റ് സെന്ററിലാണ് എത്തുക. പരാതികള്‍ ലഭിച്ച പ്രദേശങ്ങളില്‍ ആ സമയത്തുള്ള നിരീക്ഷണ സ്‌ക്വാഡുകള്‍ക്ക് ഉടന്‍ വിവരം കൈമാറും. പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 30 മിനുട്ടുകള്‍ക്കകം ഫീല്‍ഡ് സ്‌ക്വാഡ് വിവരം ജില്ലാതല കേന്ദ്രത്തിന് കൈമാറും. ഇതനുസരിച്ച് ജില്ലാതലത്തില്‍ നടപടിയെടുക്കേണ്ട വിഷയങ്ങളില്‍ ഉടന്‍ തന്നെ നടപടിയെടുക്കും. അല്ലാത്ത വിഷയങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയാണ് ചെയ്യുക.
No comments
Post a Comment