Header Ads

  • Breaking News

    രേഖയില്ലാതെ 50,000ത്തിലധികം രൂപ കൈവശം വച്ചാല്‍ പിടിച്ചെടുക്കും


    കണ്ണൂർ: 
    തെരഞ്ഞെടുപ്പ‌് കാലത്ത‌്  50000 രൂപയ‌്ക്ക‌് മുകളിൽ   രേഖകളില്ലാതെ കൈയിൽ സൂക്ഷിച്ചാൽ കണ്ടുകെട്ടി എക്‌സ്‌പെന്റീച്ചർ മോണിറ്ററിംഗ് സെല്ലിൽ ഹാജരാക്കും. പിന്നീട് രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് പണം തിരികെ നൽകുമെന്ന‌്  ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ചെലവ് നിരീക്ഷണത്തിനായി രൂപീകരിച്ച ടീമുകൾക്കുള്ള പരിശീലന ക്ലാസിൽ  കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ രൂപീകരിച്ച ഫ്ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവെയ്‌ലൻസ് ടീം, വീഡിയോ സർവെയ്‌ലൻസ് ടീം എന്നിവർക്കായിരുന്നു പരിശീലനം. 

    സീനിയർ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, രണ്ട് പൊലീസ് ഓഫീസർ,   വീഡിയോഗ്രാഫർ എന്നിവർ ഉൾപ്പെട്ടതാണ് ഒരു ഫ്ളൈയിംഗ് സ്‌ക്വാഡ്. സ്റ്റാറ്റിക് സർവയലൻസ് ടീമിൽ   സീനിയർ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, രണ്ട് പൊലീസുകാർ, വീഡിയോഗ്രാഫർ എന്നിവരും വീഡിയോ സർവയലൻസ് ടീമിൽ ഒരു ചാർജ‌്  ഓഫീസറും  വീഡിയോ ഗ്രാഫറുമാണുള്ളത്.

    അനധികൃതമായി കൈവശം വയ്ക്കുന്ന പണം, മദ്യം, ആയുധങ്ങൾ തുടങ്ങിയവ കണ്ടെത്തുകയാണ് സ്റ്റാറ്റിക് സർവെയ്‌ലൻസ് ടീമിന്റെ ദൗത്യം. ഇതിനായി ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന നടത്തും. പരിശോധനകളും നടപടികളും വീഡിയോയിൽ ചിത്രീകരിക്കും. അനധികൃതമായി സൂക്ഷിച്ച  പണവും മദ്യവും  മറ്റ് വസ്തുക്കളും സ്ഥലത്തെത്തി പിടിച്ചെടുക്കുകയാണ‌് ഫ്ളൈയിംഗ് സ്‌ക്വാഡിന്റെ ദൗത്യം. തെരഞ്ഞെടുപ്പ് പരിപാടികൾ ചിത്രീകരിക്കുകയാണ് വീഡിയോ സർവെയ്‌ലൻസ് ടീമിന്റെ ചുമതല. ഈ വീഡിയോയിലൂടെ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കും.

    പൊതുസ്ഥലത്തുള്ള പോസ്റ്ററുകൾ നീക്കം ചെയ്യണമെന്നും ഇതിനായി ചെലവഴിക്കുന്ന പണം  സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുമെന്നും കലക്ടർ പറഞ്ഞു. സി വിജിൽ ആപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും യോഗം വിശദീകരിച്ചു

    No comments

    Post Top Ad

    Post Bottom Ad