ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാർഥികളാരെന്ന് ഇന്നറിയാം
ലോകസ്ഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ഥികളെ ഇന്നറിയാം. ജില്ലാ കൗണ്‍സിലുകളുടെ സാധ്യതാപട്ടിക സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സാധ്യത പട്ടികയിലുണ്ട്.
നാലു സീറ്റുകൾ ,നിരവധി പേരുകൾ. ഇനി തീരുമാനം സംസ്ഥാന എക്സിക്യൂട്ടീവിന്റേത്. പട്ടികക്ക് അംഗീകാരം നൽകാൻ സംസ്ഥാന കൗൺസിലും ചേരുന്നു.
നാലു സീറ്റുകളിലേക്കും മൂന്നു പേരുടെ വീതം പട്ടികയാണ് സംസ്ഥാന നേതൃത്വം ജില്ലാ കൗണ്‍സിലുകളോട് ആവശ്യപ്പെട്ടത്. മൂന്നു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മാവേലിക്കര,വയനാട് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് മൂന്നു ജില്ലാ കൗണ്‍സിലുകളും പട്ടിക നല്‍കി. മത്സരിക്കാനില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമായെങ്കിലും തിരുവനന്തപുരത്തെ പട്ടികയിൽ അദ്ദേഹവും ഇടം പിടിച്ചു.
മത്സരിക്കാനില്ലന്ന് കാനം ഉറച്ചു നിന്നാൽ ജില്ലാ കൗൺസിൽ പട്ടികയിൽ നിന്ന് സി ദിവാകരന് സാധ്യത തെളിഞ്ഞേക്കാം. ആനി രാജയോ ബിനോയ് വിശ്വമോ മത്സരിക്കട്ടെയെന്ന ആലോചന സംസ്ഥാന നേതൃത്വത്തിനുണ്ട്. മാവേലിക്കരയില്‍ സാധ്യത അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിന്. മൂന്നു ജില്ലാ കൗണ്‍സിലുകളുടെ പട്ടികയിലും ചിറ്റയമാണ് പ്രഥമ പേരുകാരന്‍.
തൃശൂരില്‍ സിറ്റിങ് എംപി സിഎൻ ജയദേവന്‍ തന്നെ സ്ഥാനാര്‍ഥിയായേക്കും. കെപി രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്. വയനാട്ടില്‍ സത്യന്‍ മൊകേരിയുടെ പേരിനാണ് മുന്‍തൂക്കം. പി.പി.സുനീര്‍, പിവസന്തം, സി എൻ ചന്ദ്രൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
സംസ്ഥാന കൗണ്‍സില്‍ തയാറാക്കുന്ന സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കേണ്ടത് പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ്. ഇതിനായി 5, 6.7 തീയതികളിലായി സി പി ഐ ദേശീയ സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും ഡൽഹിയിൽ ചേരുന്നുണ്ട്.
No comments
Post a Comment