ചുവരെഴുത്തിനെച്ചൊല്ലി പയ്യന്നൂര്‍ കോളജില്‍ എസ്എഫ്ഐ-കെഎസ് യു സംഘര്‍ഷം. ഏഴ് പേര്‍ക്ക് പരിക്കേറ്റു
പയ്യന്നൂര്‍:
ചുവരെഴുത്തിനെച്ചൊല്ലി പയ്യന്നൂര്‍ കോളജില്‍ എസ്എഫ്ഐ-കെഎസ് യു സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഘര്‍ഷം. പരിക്കേറ്റ നിലയില്‍ കെഎസ്യു യൂണിറ്റ് പ്രസിഡന്റ് ഹര്‍ഷരാജ്, ആകാശ് ഭാസ്കരന്, ടി.ജി. അശ്വിന്, ബിലാല്‍, അശ്വിന്‍കുമാര്‍ എന്നിവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും എസ്എഫ്ഐ ഏരിയ സെക്രട്ടേറിയറ്റ് അംഗവും കോളജ് യൂണിയന് ജോ.സെക്രട്ടറിയുമായ ടി.പി. കീര്‍ത്തന, കോളജ് യൂണിറ്റ് വൈസ് പ്രസിഡന്റ് സി.പി. പ്രണവ് എന്നിവരെ പയ്യന്നൂര്‍ സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.
കെഎസ്യു പ്രവര്‍ത്തകര്‍ സ്ഥിരമായി ചുമരെഴുത്ത് നടത്തുന്ന സ്ഥലം എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൈയേറിയതാണ് സംഘര്‍ഷത്തിനു കാരണമെന്നു കെഎസ് യു ആരോപിച്ചു.
കെഎസ്യുവിന്റെ സ്ഥലം കൈയേറിയത് ചോദ്യം ചെയ്ത വിരോധത്തില്‍ കോളജ് യൂണിയന് ചെയര്‍മാന്റെ നേതൃത്വത്തില്‍ എസ്എഫ്ഐക്കാര്‍ മര്‍ദിച്ചെന്നാണ് പരിക്കേറ്റ കെഎസ്യു പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം കെഎസ്യു പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചെന്നും.
ഇത് പുനഃസ്ഥാപിക്കുന്നതിനിടെ കെഎസ്യുക്കാര് സംഘടിച്ച് ആക്രമിക്കുകയായിരുന്നെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
No comments
Post a Comment