കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി
കണ്ണൂർ:
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. അബുദാബി വിമാനത്തിൽ എത്തിയ വടകര സ്വദേശി അസീബിൽ നിന്നാണ് 413 ഗ്രാം സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇന്നല വൈകുന്നേരം ആറിന് അബുദാബിയിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്.
സംശയം തോന്നിയതിനെ തുടർന്നു കസ്റ്റംസ് അസി.കമ്മീഷണർ ഒ.പ്രദീപന്റെ നേതൃത്വത്തിൽ യുവാവിനെ പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്. പെയ്സ്റ്റ് രൂപത്തിലാക്കി യുവാവ് ധരിച്ച ജീൻസ് പാന്റിനുള്ളിൽ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു സ്വർണം. പെയ്സ്റ്റും സ്വർണവും ചേർന്നു 610 ഗ്രാമാണുണ്ടായിരുന്നത്. സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. കസ്റ്റംസ് സൂപ്രണ്ടുമാരായ പി.പ്രദീപ് കുമാർ, രാഗേഷ്, സന്തോഷ് എന്നിവരും പരിശോധനയിലുണ്ടായിരുന്നു. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് നാലാം തവണയാണ് വിമാന യാത്രക്കാരനിൽ നിന്ന് സ്വർണം പിടികൂടുന്നത്. സ്വർണം കടത്തുന്നത് വ്യാപകമായതോടെ കസ്റ്റംസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
No comments
Post a Comment