Header Ads

  • Breaking News

    സൂര്യാതപമേറ്റവര്‍ക്ക് ധനസഹായം: മാനദണ്ഡം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി



    സംസ്ഥാനത്ത് ചൂട് കനക്കുന്നു. ആലപ്പുഴയില്‍ രണ്ട് പേര്‍ക്കും പാലക്കാടും ഒരാള്‍ക്കും ഇന്ന് സൂര്യാതപമേറ്റു. പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ചു. സൂര്യാതപമേറ്റവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിന് മാനദണ്ഡം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

    ദൈനംദിനം വേനല്‍ കടുക്കുകയും നിരവധി ആളുകള്‍ക്ക് സൂര്യാതപം ഏല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്തത്. പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കാനായി അടിയന്തര യോഗം വിളിച്ച് ചേര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറിക്കായിരിക്കും വരള്‍ച്ച സംബന്ധിച്ച ഏകോപന ചുമതല. സൂര്യാപതത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറി കളക്ടർമാരുമായി വീഡിയോ കോൺഫ്രൻസിൽ വിലയിരുത്തും. ശുദ്ധജല ലഭ്യത ഉറപ്പു വരുത്താൻ ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും.
    സംസ്ഥാനത്ത് ഇന്നും നാളെയും ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാകും ഉയര്‍ന്ന താപനില രേഖപ്പെടുത്തുക. സൂര്യാതപം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. കായംകുളം സ്വദേശി അബ്ദുല്ലക്കും ആലപ്പുഴ ചേര്‍ത്തല കണ്ണംപള്ളി സ്വദേശി തങ്കൂട്ടനുമാണ് സൂര്യാതപമേറ്റത്.

    No comments

    Post Top Ad

    Post Bottom Ad