Header Ads

  • Breaking News

    സബ് കളക്ടർ ചുമതലയേറ്റു : തളിപ്പറമ്പ് റവന്യൂ ഡിവിഷൻ പൂർണതോതിൽ പ്രവർത്തനം തുടങ്ങി



    തളിപ്പറമ്പ്:
    കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലുള്ളവർക്ക് ആർഡിഒ സേവനങ്ങൾക്കായി ഇനി തലശ്ശേരിയിലേക്ക് പോവേണ്ട. ഇതിനകം തളിപ്പറമ്പ് മിനിസിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്യപ്പെട്ട തളിപ്പറമ്പ് റവന്യൂ ഡിവിഷൻ പൂർണ തോതിൽ പ്രവർത്തനം തുടങ്ങി. നിലവിലെ ആർഡിഒ രവികുമാറിനു പുറമെ, സബ് കലക്ടറായി കണ്ണൂർ അസിസ്റ്റന്റ് കലക്ടർ അർജുൻ പാണ്ഡ്യൻ ചുമതലയേറ്റു. ഇതോടെ ഇതുവരെ തലശ്ശേരിയിൽ നിന്ന് ലഭിച്ചിരുന്ന മുഴുവൻ സേവനങ്ങളും തളിപ്പറമ്പ് ഓഫീസിൽ നിന്നും ലഭിക്കും.

    രക്ഷിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമം സംബന്ധിച്ച ട്രൈബ്യൂണൽ നടപടികൾ, നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡാറ്റാ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കാലതാസം സംഭവിച്ച ജനന-മരണ രജിസ്‌ട്രേഷനുകൾക്കുള്ള എൻഒസി, ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള ഉപയോഗ ശൂന്യമായ മുദ്രപത്രങ്ങളുടെ വില തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയ സേവനങ്ങൾ തളിപ്പറമ്പ് റവന്യൂ ഡിവിഷൻ ഓഫീസിൽ നിന്ന് ലഭിക്കും. 

    ഇതിനു പുറമെ, ക്രിമിനൽ നടപടിക്രമം 107ാം വകുപ്പ് പ്രകാരം സമാധാന പാലനത്തിനും നല്ല നടപ്പിനുമുള്ള ജാമ്യം ഉറപ്പുവരുത്തൽ, 133ാം വകുപ്പ് പ്രകാരം പൊതുജന ശല്യങ്ങൾ നീക്കുന്നതിനുള്ള നടപടികൾ, 174ാം വകുപ്പ് പ്രകാരമുള്ള അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട നടപടികൾ എന്നിവയും സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് എന്ന നിലയിൽ തളിപ്പറമ്പ് റവന്യൂ ഓഫീസിൽ കൈകാര്യം ചെയ്യും

    തഹസിൽദാർമാർ നൽകുന്ന സർട്ടിഫിക്കറ്റുകൾ, കെട്ടിടനികുതി, പോക്കുവരവ്, ഭൂനികുതി തുടങ്ങിയ വിഷയങ്ങളിലുള്ള പരാതികളുടെ അപ്പീൽ അധികാരി ആർഡിഒ ആണ്. ഓഫീസിന്റെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് ഒരു സീനിയർ സൂപ്രണ്ട്, രണ്ട് ജൂനിയർ സൂപ്രണ്ടുമാർ, ഒരു സിഎ, 12 ക്ലർക്കുമാർ, രണ്ടു ടൈപ്പിസ്റ്റുകൾ, രണ്ട് ഓഫീസ് അറ്റൻഡന്റുമാർ, ഒരു അറ്റൻഡർ എന്നിവരുൾപ്പെടെ 24 ജീവനക്കാർ ഇവിടെയുണ്ട്.

    തലശ്ശേരി ആർഡിഒയിൽ നിന്ന് തളിപ്പറമ്പ് ഓഫീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ഇവിടേക്ക് എത്തിച്ചുകഴിഞ്ഞു. അടുത്തമാസം മുതൽ തളിപ്പറമ്പിലും ഇ ഓഫീസ് സംവിധാനം ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്ടർ മീർ മുഹമ്മദലി അറിയിച്ചു. കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലുള്ളവർ മേൽ ആവശ്യങ്ങൾക്കായി തളിപ്പറമ്പ് റവന്യൂ ഡിവിഷൻ ഓഫീസിനെയാണ് സമീപിക്കേണ്ടതെന്നും ജില്ലാ കലക്ടർ അറിയിച്ചു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad