Header Ads

  • Breaking News

    എയര്‍പോര്‍ട്ട് അദാനിക്കെങ്കില്‍ ഇന്റര്‍നെറ്റ് അംബാനിക്ക്; വിമാനത്താവളങ്ങളില്‍ നിന്ന് ബിഎസ്എന്‍എല്ലിനെ പുറത്താക്കി; സംവിധാനം ‘ജിയോ’ക്ക് നല്‍കി കേന്ദ്രം




    രാജ്യത്തെ 112 വിമാനത്താവളങ്ങളിലെ ഇന്റര്‍നെറ്റ് സംവിധാനം കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റിലയന്‍സ് ജിയോയ്ക്ക് കൈമാറി. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിനെ പുറന്തള്ളിയാണ് കരാര്‍ ജിയോയ്ക്ക് കൈമാറാന്‍ തീരുമാനമായത്. രണ്ടരലക്ഷം പഞ്ചായത്തുകളിലെ അടക്കം ഇന്റര്‍നെറ്റ് സേവനരംഗത്തുനിന്നും പുറത്തായതിന് പിന്നാലെയാണ് വിമാനത്താവളങ്ങളില്‍ നിന്നും ബിഎസ്എന്‍എല്ലിനെ തള്ളപ്പെടുന്നത്.
    നെറ്റ് വര്‍ക്ക് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബിഎസ്എന്‍എല്ലില്‍നിന്നും ചുമതല റിലയന്‍സിന് കൈമാറുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ജിയോയ്ക്ക് വിമാനത്താവളങ്ങളില്‍ നെറ്റ് വര്‍ക്ക് കണക്ടിവിറ്റിയുടെ പണികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓരോ വിമാനത്താവള അധികൃതര്‍ക്കും എയര്‍പോര്‍ട്ട് അതോറിറ്റി ഐടി വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ് വി സതീഷ് നിര്‍ദ്ദേശം നല്‍കി.
    എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഐടി റൂം മുതല്‍ വിമാനത്താവളങ്ങള്‍ വരെ റിലയന്‍സ് ഫൈബര്‍ സ്ഥാപിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി റിലയന്‍സ് സമീപിക്കുമ്പോള്‍ സഹകരിക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എംപിഎല്‍എസ്-വിപിഎന്‍ (മള്‍ട്ടി പ്രോട്ടോകോള്‍ ലേബല്‍ സ്വിച്ചിങ്), എസ്ഡി-വിഎഎന്‍ (സോഫ്റ്റ് വെയര്‍ ഡിഫൈന്‍ഡ്- വൈഡ് ഏരിയ നെറ്റ് വര്‍ക്ക്) എന്നീ സംവിധാനങ്ങളാണ് നവീകരിക്കുന്നത്. ഇ മെയില്‍, ഓഫ് ലൈന്‍ ഡാറ്റാ ട്രാന്‍സ്ഫര്‍, ഇന്റര്‍നെറ്റ് സേവനം, കേന്ദ്രീകൃത ബിസിനസ് ആപ്ലിക്കേഷന്‍ എന്നിവയില്‍ ഉന്നത നിലവാരം പുലര്‍ത്തണമെന്നതാണ് റിലയന്‍സിന് കൈമാറുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
    അതേസമയം, ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കൈമാറ്റമെന്ന് ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുണ്ടായ നിര്‍ണായക തീരുമാനമാണിത്. തിരുവനന്തപുരം വിമാനത്താവളമടക്കം അഞ്ച് വിമാനത്താവളങ്ങള്‍ അദാനിഗ്രൂപ്പിന് കൈമാറാനുള്ള നീക്കത്തിന് പിന്നാലെയാണ് നെറ്റ് വര്‍ക്ക് കണക്ടിവിറ്റി നവീകരണ കരാര്‍ അംബാനിയുടെ റിലയന്‍സിന് നല്‍കിയിരിക്കുന്നത്.
    ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ കനത്ത തിരിച്ചടികളാണ് നേരിടുന്നത്. ബിഎസ്എന്‍എല്ലില്‍ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്താണ്. ബിഎസ്എന്‍എല്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വരുത്തിതീര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
    ബിഎസ്എന്‍എല്ലിനോട് അടച്ചുപൂട്ടല്‍ ഉള്‍പ്പടെയുള്ള വഴികളെക്കുറിച്ച് ആലോചിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ അടച്ചുപൂട്ടല്‍ റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ട് ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ മുകേഷ് അംബാനിയുടെ ജിയോയ്ക്ക് അനുകൂലമായ നിലപാടുകളാണ് എടുക്കുന്നതെന്നും, ബിഎസ്എന്‍എല്ലിനെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുകയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
    അടച്ചു പൂട്ടലിന് പുറമെ സ്വകാര്യവത്കരണം, ഓഹരി വിറ്റഴിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. രണ്ടുവര്‍ഷത്തിലധികമായി ബിഎസ്എന്‍എല്‍ 4ജിയിലേക്ക് മാറുന്ന നടപടിക്രമം പൂര്‍ത്തീകരിക്കിയിട്ടില്ല അതേസമയം സ്വകാര്യ സംരംഭങ്ങള്‍ക്ക് 4ജി അനുവദിക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ബിഎസ്എന്‍എല്‍ തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നത്.

    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക



    No comments

    Post Top Ad

    Post Bottom Ad