Header Ads

  • Breaking News

    പി.കെ ശ്രീമതി ടീച്ചർ @ കണ്ണൂർ



    പി.കെ ശ്രീമതി ടീച്ചറുടെ പാർലമെന്റിലെ പ്രവർത്തനം പരിശോധിച്ചാൽ വളരെ മികച്ചത് എന്നാവും ഞാൻ ഉത്തരം നൽകുക.  വെറുതെ ഉത്തരം നല്കുന്നതല്ലിത്. രാജ്യസഭാംഗങ്ങൾക്ക് ലോകസഭയിലെ  പ്രവർത്തനങ്ങൾ വീക്ഷിക്കാനും തിരിച്ചും പ്രത്യേകം ഇരിപ്പിടമുണ്ട്. അത്തരത്തിൽ എനിക്ക് നേരിട്ട് ബോധ്യപ്പെട്ടതും കണ്ണൂർ മണ്ഡലത്തിലെ താമസക്കാരൻ, പൊതുപ്രവർത്തകൻ എന്നനിലയിൽ ബോധ്യപ്പെട്ടതും പാർലമെന്റ് രേഖകളും ഇക്കാര്യം അടിവരയിടുന്നതാണ്. ജനങ്ങളുടെ, നാടിന്റെ പ്രശ്നങ്ങൾ പാർലിമെന്റിന്റേയും മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും ശ്രദ്ധയിൽപ്പെടുത്തി പരിഹാരമുണ്ടാക്കുന്നതിന് ഹിന്ദിയാണുചിതം എന്നുമനസ്സിലാക്കി ധൈര്യപൂർവം ഹിന്ദിയിലുൾപ്പടെ സംസാരിക്കുന്നതിന്  ടീച്ചർ ശ്രദ്ധിച്ചിരുന്നതായി പാർലമെന്റ് രേഖകൾതന്നെ വ്യക്തമാക്കുന്നു. നാടിന്റെ, ജനങ്ങളുടെ പ്രശ്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ടീച്ചർക്ക്  ഭാഷപോലും ഒരു പ്രശ്നമേ ആയിരുന്നില്ല. അതുതന്നെയാണ്  പി.കെ ശ്രീമതി ടീച്ചറുടെ വിജയവും. കേവലം കണ്ണൂർ പാർലിമെന്റ് മണ്ഡലത്തിലെ വിഷയങ്ങൾ മാത്രമല്ല ടീച്ചർ ലോകസഭാശ്രദ്ധയിൽ പെടുത്തിയത് എന്നതും കാണാൻ സാധിക്കും.

    രേഖകൾ പരിശോധിച്ചാൽ, ടീച്ചർ നടത്തിയ  ലോകസഭാ ചോദ്യങ്ങളുടെ  എണ്ണം 511  ആണ്. ഇത് സംസ്ഥാന-ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. അതായത് നാടിന്റെ പ്രശ്നങ്ങൾ പാർലമെന്റിന്റെ മുന്നിലെത്തിക്കാൻ ടീച്ചർക്ക് കൃത്യമായി സാധിച്ചു എന്നതിന്റെ തെളിവാണിത്.  മറ്റൊന്ന് ലോകസഭയിലെ ഹാജരാണ്‌. ശ്രീമതി ടീച്ചറുടെ ഹാജർ 77 % ആണ്. ഇതും ഒട്ടും താഴെയല്ല. അതായത് നിർണായഘട്ടങ്ങളിൽ വിമാനം വൈകുകയോ, പാർലമെന്റിൽ നിന്നും മുങ്ങി കല്യാണത്തിന് പോവുകയോ ചെയ്തില്ലെന്ന് ചുരുക്കം. ലോകസഭയിൽ ഡിബേറ്റിന്റെ എണ്ണമെടുത്താലും ഒട്ടും പിറകിലല്ല നിലവിലെ കണ്ണൂർ എം.പി എന്ന്  കാണാം. ലോകസഭാ സംവാദങ്ങളിൽ 167  എണ്ണത്തിൽ ടീച്ചർ പങ്കെടുത്തിരുന്നു എന്നതും പാർലിമെന്റ് രേഖ വിളിച്ചുപറയുന്നുണ്ട്.

    ഈ  പാർലമെന്റ് രേഖകൾ, ടീച്ചർക്ക് മുമ്പ് കണ്ണൂർ എം.പിയായിരുന്ന ശ്രീ കെ സുധാകരന്റെ ലോകസഭയിലെ പ്രവർത്തനവുമായി തട്ടിച്ചുനോക്കി പരിശോധിച്ചാൽ  ശ്രീമതി ടീച്ചർ വളരെവളരെയേറെ മുന്നിലാണെന്ന് കാണാൻ കഴിയും. എം.പി ആയിരുന്ന  അഞ്ച് വർഷക്കാലയളവിൽ   ശ്രീ സുധാകരൻ പങ്കെടുത്ത ലോകസഭാ ഡിബേറ്റിന്റെ  എണ്ണം തീർത്തും ശുഷ്ക്കം. എം.പി യായിരുന്ന 5 വർഷം വെറും 14 ഡിബേറ്റ് മാത്രം.  സംസ്ഥാന-ദേശീയ ശരാശരിക്കും താഴെയായിരുന്നു അന്ന് കണ്ണൂർ മണ്ഡലം എം.പിയായിരുന്ന ശ്രീ സുധാകരന്റെ പാർലിമെന്റിലെ  പെർഫോമൻസ്.  ലോകസഭാ ചോദ്യങ്ങളുടെ കാര്യത്തിലും ടീച്ചർക്ക് എത്രയോ പിന്നിലാണ് സുധാകരന്റെ സ്ഥാനം.  292  ചോദ്യങ്ങൾ മാത്രമാണ് എം.പിയായിരുന്ന അഞ്ച് വർഷക്കാലയളവിൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇത് സംസ്ഥാന ശരാശരിയേക്കാൾ ഏറെ കുറവാണെന്ന് പാർലിമെന്റ് രേഖകൾത്തന്നെ പറയുന്നു. ഹാജരാവട്ടെ സംസ്ഥാന-ദേശീയ ശരാശരിയേക്കാൾ താഴെയുമായിരുന്നു.  അതായത് ജനങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി പാർലമെന്റിന് മുന്നിലെത്തിക്കുന്നതിൽ  ശ്രീ സുധാകരനേക്കാൾ സ. ശ്രീമതി ടീച്ചർ ഏറെയേറെ മുന്നിലായിരുന്നു എന്നുതന്നെയാണ് കേന്ദ്രസർക്കാർ രേഖകൾതന്നെ വിളിച്ചുപറയുന്നത്.

    ഇനി, എം.പി എന്നനിലയിൽ മണ്ഡലത്തിൽ നടത്തിയ വികസനം പരിശോധിക്കാം.  അഞ്ച് വർഷം കൊണ്ട് 2103 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തി പ്രവർത്തനത്തിൽ തന്നെ വികസനക്കുതിപ്പിന്റെ അഞ്ചാണ്ട് കാണിച്ചുതരാൻ ടീച്ചർക്ക് സാധിച്ചു. ജലസ്രോതസ്സുകൾ സംരക്ഷിച്ച് പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വികസനപ്രവർത്തനങ്ങൾ നടത്തി. മാലിന്യ നിർമ്മാർജ്ജനത്തിന്റെ കണ്ണൂർ മാതൃക തീർത്തതും പറയാതിരിക്കാൻ കഴിയില്ല. തൊഴിൽ മേഖലയിലെ ചൂഷണം തടയുന്നതിനും തൊഴിലാളികളുടെ കൂലിവർദ്ധിപ്പിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തി. റെയിൽ വേ മേഖലയിൽ എസ്‌കലേറ്റർ ഉൾപ്പടെയുള്ള 45.67 കോടിയുടെ  വിപുലമായ വികസന പ്രവർത്തനങ്ങൾ. ആരോഗ്യ-കായികമേഖലയിലെ വികസനത്തിന് വിവിധ പദ്ധതികൾ, വായിച്ചുവളരാൻ 55.43 ലക്ഷം ഉൾപ്പടെ വിവിധ മേഖലകളിലായി വികസനരംഗത്തെ കുതിപ്പിന് തന്നെയാണ് കഴിഞ്ഞ 5 വർഷക്കാലം കണ്ണൂർ പാർലിമെന്റ് മണ്ഡലം സാക്ഷ്യം വഹിച്ചത്.   

    പാർലിമെന്റ് ബഹളത്തിൽ പിരിയുമ്പോഴുള്ള  നീണ്ട ഇളവേളകളിൽ  മിക്കവാറും എം.പിമാർ ,  പാർലിമെന്റ് സെൻട്രൽ ഹാളിലിരുന്ന്  വെടിപറഞ്ഞിരിക്കുകയാണ് പതിവ്. എന്നാൽ ഈ  സമയം പോലും   മന്ത്രിമാരെക്കണ്ട് ജനങ്ങൾ പറഞ്ഞ വിഷയങ്ങൾക്ക് പരിഹാരം കാണാനുള്ള ടീച്ചറുടെ വേറിട്ട ശ്രമം ഒട്ടേറെത്തവണ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇനി ജനപ്രതിനിധി എന്നനിലയിലുള്ള മറ്റ് പ്രവർത്തനങ്ങൾ പരിശോധിച്ചാലും ടീച്ചർക്ക് ഡിസ്റ്റിങ്ങ്ഷൻ തന്നെ നൽകും. കണ്ണൂരിലെ പൊതുവികസന പ്രശ്നങ്ങളും മറ്റും  ഞാനും പാർലമെന്റിന്റെ ശ്രദ്ധയിൽ പെടുത്തുകയും വിഷയങ്ങളിൽ  മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽക്കൊണ്ടുവരാൻ  ശ്രമിക്കുകയും ചെയ്തിരുന്നു. അത്തരം ചില സന്ദർഭങ്ങളിൽ ഇതേവിഷയം എനിക്കുമുന്നെ ശ്രീമതി ടീച്ചർ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നത് എന്റെ സ്വന്തം അനുഭവം തന്നെയാണ്.   കമ്യുണിസ്റ്റ് നേതാക്കളാണെങ്കിൽ വെറുതെ വിമർശിച്ച് ജനങ്ങൾക്കിടയിൽ അവരെക്കുറിച്ച് അവമതിപ്പുണ്ടാക്കണം എന്നുമാത്രം  ചിന്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഗവേഷണം നടത്തുന്ന വലതുപക്ഷക്കാർ ഈ വസ്തുത ഒന്നുപരിശോധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

    കണ്ണൂരിലെ ജനങ്ങൾക്ക് കഴിഞ്ഞതവണ തെറ്റുപറ്റിയിട്ടില്ല എന്നത് തന്നെയാണ് ഇവിടെ വ്യക്തമാവുന്ന കാര്യം. നാടിന്റെ വികസനം കക്ഷി-രാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടെയും ലക്ഷ്യമാണ്. അതുകൊണ്ടുതന്നെ മാറ്റുകൂട്ടുന്ന വികസനങ്ങൾ മാറ്റമില്ലാതെ തുടരാൻ സ.പി.കെ ശ്രീമതി ടീച്ചറെത്തന്നെ ഇവിടുത്തെ വോട്ടർമാർ തെരഞ്ഞെടുക്കും എന്നത് ഉറച്ച് വിശ്വസിക്കുകയും, അതിനായി അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

    No comments

    Post Top Ad

    Post Bottom Ad