പെണ്‍കുട്ടിക്ക് 2.5 ലക്ഷം ആണ്‍കുട്ടിക്ക് 3.75 ലക്ഷം വരെ വിലയുണ്ടാവും !!! നാമക്കലിലെ യുവതിയെയും ഭർത്താവിനെയും പിടികൂടിയ പോലീസിന് ലഭിച്ചത് കുട്ടികളെ വില്‍ക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ
ചെന്നൈ:
നാമക്കല്‍ ജില്ലയിലെ നഴ്‌സ് അമുദയെയും ഭര്‍ത്താവ് രവിചന്ദ്രനെയും അറസ്റ്റു ചെയ്ത പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. നാമക്കലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന അമുദയുടെ ഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെയാണ് നാമക്കല്‍ ജില്ലയിലെ രാശിപുരത്ത് 30 വര്‍ഷമായി കുട്ടികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റിനെ കുറിച്ച് പുറം ലോകമറിയുന്നതും ഇവർ പോലീസ് പിടിയിൽ ആവുന്നതും. കുട്ടികളുടെ ലിംഗം, നിറം, തൂക്കം എന്നിവയെല്ലാം നോക്കിയാണു വില നിര്‍ണയിക്കുന്നത്.
കോര്‍പറേഷനില്‍ നിന്നു ജനന സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കുന്നതിനു 75000 രൂപ വേറെ നല്‍കണമെന്നും അമുദ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.നിയമപരമായി ദത്തെടുക്കല്‍ അതി സങ്കീര്‍ണമായ നടപടിയാണെന്നു പറഞ്ഞാണു അമുദ കുഞ്ഞിനെ വാങ്ങാന്‍ ഫോണ്‍ വിളിച്ചയാളെ പ്രലോഭിക്കുന്നത്. ധര്‍മപുരി സ്വദേശിയായ ആള്‍ വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷമായിട്ടും കുഞ്ഞുങ്ങളില്ലെന്നു പറഞ്ഞാണു അമുദയുമായുള്ള സംഭാഷണം തുടങ്ങുന്നത്. എതു കുഞ്ഞിനെയാണ് വേണ്ടതെന്നു വിശദമാക്കണമെന്ന് ഇയാളോട് പറയുന്ന അമുദ പെണ്‍കുട്ടിയാണെങ്കില്‍ 2.5 ലക്ഷമെന്നും കുട്ടിക്ക് മൂന്നു കിലോ തൂക്കമുണ്ടെങ്കില്‍ മൂന്നു ലക്ഷം വിലയാകുമെന്നും പറയുന്നു. കറുത്ത ആണ്‍കുട്ടികള്‍ക്ക് 3.50 ലക്ഷം മുതല്‍ 3.75 ലക്ഷം വരെയാണ് വില. നല്ല കളറൊക്കെയുള്ള കുട്ടികളാണെങ്കില്‍ 4.5.വരെയാകുമെന്നും അമുദ പറയുന്നു.
ആദ്യം അഡ്വാന്‍സ് തന്നാല്‍ മതിയെന്നും കുട്ടിയെ വാങ്ങാനെത്തുമ്പോള്‍ മുഴുവന്‍ തുകയും കൈമാറണമെന്നും സംഭാഷണത്തിലുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ അനുമതി കിട്ടുമോ? മറ്റു പ്രശ്‌നങ്ങളുണ്ടാകുമോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് 30 വര്‍ഷമായി താന്‍ ഈ ബിസിനസ് ചെയ്യുന്നുവെന്നും ഇതുവരെ ഒരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നും മുനിസിപ്പാലിറ്റിയില്‍ നിന്ന് ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ലഭിക്കുമെന്നും അതിനു 70000 രൂപ വേറെ നല്‍കണമെന്നും അമുദ പറയുന്നു.ഇത്രയും സങ്കീര്‍ണമായ കാര്യങ്ങള്‍ അമുദയ്ക്കു ഒറ്റയ്ക്ക് ഇതു ചെയ്യാനാവില്ലെന്നും സംസ്ഥാനത്തു പല ഭാഗത്തും ഇവര്‍ക്കു ഏജന്റുമാരുണ്ടാകാമെന്നുമാണ് പൊലീസിന്റെ സംശയം .
No comments
Post a Comment