തളിപ്പറമ്പില്‍ കാറിന്റെ ചില്ല് തകര്‍ക്കല്‍ തുടരുന്നു; 3 മാസത്തിനിടെ പത്താമത്തെ സംഭവം
തളിപ്പറമ്പ്:
തളിപ്പറമ്പില്‍ വീണ്ടും കാറിന്റെ ചില്ല് തകര്‍ത്തു; ഒന്നും മോഷണം പോയില്ല. ഇന്നലെ രാത്രി മന്ന-ആലക്കോട് റോഡില്‍ സയ്യിദ് നഗറില്‍ പാലസ് വുഡ് ഇന്‍ഡസ്ട്രീസിന് സമീപം നിര്‍ത്തിയിട്ട കെഎല്‍ 58 6770 മാരുതി സ്വിഫ്റ്റ് കാറിന്റെ ഡ്രൈവറുടെ സീറ്റിന് സമീപത്തെ ചില്ലാണ് തകര്‍ക്കപ്പെട്ടത്. കുറുമാത്തൂര്‍ ഒകെ റോഡിലെ ദയാ മന്‍സിലില്‍ അര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.
രണ്ടുദിവസമായി ഇവിടെ നിര്‍ത്തിയിട്ട കാറിന്റെ ചില്ല് ഇന്ന് രാവിലെയാണ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചത്പ്രകാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തളിപ്പറമ്പില്‍ മൂന്ന് മാസത്തിനിടയില്‍ അജ്ഞാതസംഘം ചില്ല് അടിച്ചുതകര്‍ക്കുന്ന പത്താമത്തെ കാറാണിത്. നേരത്തെ നടന്ന സംഭവങ്ങളില്‍ രണ്ട് കാറുകളില്‍ നിന്നായി 5.25 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി എം.കൃഷ്ണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മൂന്ന് അന്വേഷണ സംഘങ്ങള്‍ കാര്‍ തകര്‍ക്കല്‍ സംഘത്തെ അന്വേഷിച്ചുകൊണ്ടിരിക്കെയാണ് തുടര്‍ച്ചയായി കാറുകളുടെ ചില്ലുകള്‍ തകര്‍ക്കപ്പെടുന്നത്.
No comments
Post a Comment