സഖാവ് പുഞ്ച: ഓർമ്മയായത് തലശേരിയിലെ രക്തനക്ഷത്രം ; സംസ്ക്കാരം വൈകീട്ട് 4 മണിക്ക്
കണ്ണൂര്‍:
കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ്-ട്രേഡ്‌യൂനിയന്‍ നേതാവും സിപിഐ എം മുന്‍ ജില്ലസെക്രട്ടറിയറ്റംഗവുമായ പുഞ്ചയില്‍നാണു (87) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തലശേരി സഹകരണആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ആറേകാലിനായിരുന്നു അന്ത്യം. സിപിഎം തലശേരി ഏരിയകമ്മിറ്റി അംഗവും സിഐടിയു കണ്ണൂര്‍ ജില്ലവൈസ്പ്രസിഡന്റും ചെത്ത്‌തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റുമായിരുന്നു. ഒരു വ്യാഴവട്ടത്തിലേറെക്കാലം സിപിഎം തലശേരി ഏരിയസെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
1948 ഫെബ്രുവരിമാസം അവിഭക്തകമ്യൂണിസ്റ്റ്പാര്‍ടി ധര്‍മടംവില്ലേജ് സെല്ലില്‍ അംഗമായ പുഞ്ചയില്‍നാണു പാര്‍ടി നിരോധിക്കപ്പെട്ട കാലത്ത് ത്യാഗപൂര്‍വം പ്രവര്‍ത്തിച്ചു. ധര്‍മടംവില്ലേജില്‍ ബീഡിതൊഴിലാളികളെ സംഘടിപ്പിക്കാനും കമ്യൂണിസ്റ്റ്പ്രസ്ഥാനം കെട്ടിപ്പടുക്കാനും നേതൃത്വം നല്‍കിയ ആദ്യകാല തലമുറയിലെ പ്രധാനിയാണ്. 1958 മുതല്‍ കമ്യൂണിസ്റ്റ്പാര്‍ടി ധര്‍മടംവില്ലേജ് ജോയന്റ്‌സെക്രട്ടറിയായിരുന്നു. പാര്‍ടിപിളര്‍പ്പിനെ തുടര്‍ന്ന് സിപി.എമ്മിനെ ധര്‍മടം വില്ലേജ് ശക്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങി.
1946ലെ മലബാര്‍-തെക്കന്‍കര്‍ണാടക ബീഡിതൊഴിലാളിസമരത്തിലും 70ലെ മിച്ചഭൂമി സമരത്തിലും പങ്കെടുത്തു. അടിയന്തരാവസ്ഥക്ക് ശേഷം ധര്‍മടം ലോക്കല്‍സെക്രട്ടറിയും തലശേരി ഏരിയകമ്മിറ്റി അംഗവുമായി. ഏരിയസെക്രട്ടറിയായിരുന്ന വടവതിവാസു ജില്ലസെക്രട്ടറിയറ്റിലേക്ക് പ്രവര്‍ത്തനകേന്ദ്രംമാറ്റിയതോടെ തലശേരി ഏരിയസെക്രട്ടറിയായും പിന്നീട് തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി ഇ കെ നായനാരുടെ തലശേരി നിയോജകമണ്ഡലം പ്രതിനിധിയായിരുന്നു.
സിഐടിയു കണ്ണൂര്‍ ജില്ലപ്രസിഡന്റ്, തലശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ബാങ്ക് പ്രസിഡന്റ്, ധര്‍മടം പഞ്ചായത്തംഗം, സര്‍ക്കസ് ക്ഷേമബോര്‍ഡ് ഉപദേശകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ചെത്ത്‌തൊഴിലാളി യൂനിയന്‍ ഏരിയപ്രസിഡന്റും ജില്ലവൈസ്പ്രസിഡന്റുമാണ്. 1932 മാര്‍ച്ച് രണ്ടിന് ധര്‍മടം മേലൂരിലെ ചെത്ത്‌തൊഴിലാളി കുഞ്ഞാപ്പുവിന്റെയും മന്ദിയുടെയും മകനായി ജനനം. ഭാര്യ: പി ടി വസന്ത. മക്കള്‍: ഷര്‍ളി പുഞ്ചയില്‍(തൊഴില്‍-എക്‌സൈസ്മന്ത്രിയുടെ അഡീഷനല്‍ പേഴ്‌സനല്‍ അസിസ്റ്റന്റ്), പരേതനായ പുഞ്ചയില്‍ കനകരാജ്. മരുമക്കള്‍: വി മുകുന്ദന്‍ (റബ്‌കോ ലെയ്‌സണ്‍ ഓഫീസര്‍, തിരുവനന്തപുരം), ബേബി (തലശേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ബാങ്ക്). പുഞ്ചയില്‍നാണുവിന്റെ സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് കണ്ണൂര്‍ പയ്യാമ്പലത്ത്.
തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ നിന്ന് തലശേരി സി എച്ച് കണാരന്‍ സ്മാരകമന്ദിരത്തിലെത്തിച്ച മൃതദേഹത്തില്‍ സിപിഐ എം നേതാക്കളായ എം വി ജയരാജന്‍, കെ പി സഹദേവന്‍, എ എന്‍ ഷംസീര്‍ എംഎല്‍എ, ഡോ വി ശിവദാസന്‍, എം സുരേന്ദ്രന്‍, എം സി പവിത്രന്‍, അഡ്വ പി ശശി, ടി പി ശ്രീധരന്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ടി പതാക പുതപ്പിച്ചു.
പകല്‍ 12മണിവരെ സി എച്ച് മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ജന്മനാടായ ധര്‍മടത്തേക്ക് കൊണ്ടുപോകും. ചിറക്കുനിയിലെ അബു-ചാത്തുക്കുട്ടി സ്മാരകത്തില്‍ ഒരുമണിവരെയും മേലൂരിലെ വീട്ടില്‍ മൂന്നുവരെയും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്നാണ് പയ്യാമ്പലത്തേക്ക് കൊണ്ടുപോവുക.
No comments
Post a Comment