45 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ ശിശുവിന്റെ ഭ്രൂണം: കോഴിക്കോട്ട് അപൂര്‍വ ശസ്ത്രക്രിയ
കോഴിക്കോട്:
45 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ നിന്നും ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ നീക്കം ചെയ്തു. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ശിശുരോഗ ശസ്ത്രക്രിയാ വിഭാഗത്തില്‍ ബുധനാഴ്ചയാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്. കുട്ടി സുഖം പ്രാപിച്ചു വരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മലപ്പുറം സ്വദേശികളായ ദമ്പതിമാരുടെ 45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റില്‍ നിന്നാണ് ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ അപൂര്‍വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഏകദേശം 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയ നടക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അഞ്ചുലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത് കണ്ടുവരുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ശിശുരോഗ ശസ്ത്രക്രിയാ വിഭാഗം തലവനായ ഡോക്ടര്‍ പ്രതാപ് സോമനാഥിന്റെ യൂണിറ്റിലെ ഡോക്ടര്‍ അരുണ്‍പ്രീത്, ഡോക്ടര്‍ ജഗദീശ്, ഡോക്ടര്‍ അരുണ്‍ അജയ്, ഡോക്ടര്‍ സന്തോഷ്‌കുമാര്‍, അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോക്ടര്‍ രാധ, ഡോക്ടര്‍ രശ്മി, ഡോക്ടര്‍ സിനിത, സിസ്റ്ററായ ആന്‍സി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ശരീരത്തിനുള്ളില്‍ ഭ്രൂണത്തോട് സാമ്യമുള്ള കോശം അതിന്റെ ഇരട്ടയ്ക്കുള്ളില്‍ വളരുന്ന അവസ്ഥയാണിത്. 1808ല്‍ ജോര്‍ജ് വില്യം യൂംഗാണ് ഇത് ആദ്യമായി രേഖപ്പെടുത്തിയത്.
No comments
Post a Comment