Header Ads

  • Breaking News

    പോളിങ്ങിനിടെ 6 മരണം; 2 പോളിങ് ഓഫിസർമാർ കുഴഞ്ഞുവീണു


    പോളിങ്ങിനിടെ സംസ്ഥാനത്ത് 6 പേർ മരിച്ചു. തളിപ്പറമ്പ് ചുഴവി വേണുഗോപാല മാരാർ വോട്ടെടുപ്പ് കഴിഞ്ഞു തിരിച്ചു വീട്ടിലെത്തിയപ്പോൾ തളർന്നുവീഴുകയായിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം കിളികൊല്ലൂരിൽ വോട്ടു ചെയ്യാനെത്തിയ ആൾ കുഴഞ്ഞു വീണാണ് മരിച്ചു. ഇരവിപുരം മണ്ഡലത്തിലെ കിളികൊല്ലൂർ എൽപി സ്കൂളിൽ 5ാം നമ്പർ ബൂത്തിലാണു സംഭവം. കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (പുരുഷൻ-63) ആണു മരിച്ചത്. വോട്ടർ പട്ടികയിൽ പേരു കാണാത്തതിനെത്തുടർന്നു പോളിങ് ഓഫിസറുമായി സംസാരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    വയനാട് പനമരത്ത് വോട്ട് ചെയ്യാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയയാള്‍ കുഴഞ്ഞുവീണു മരിച്ചു. അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലന്‍ (64) ആണു വഴിയില്‍ കുഴഞ്ഞുവീണത്. പനമരം സിഎച്ച്സിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു.

    കണ്ണൂർ കൂത്തുപറമ്പിലും പത്തനംതിട്ട റാന്നിയിലും എറണാകുളം കാലടിയിലുമാണ് മറ്റു മരണങ്ങൾ. കാലടിയിൽ പാറപ്പുറം കുമാരനാശാൻ സ്മാരക എൽപിഎസ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ കാഞ്ഞൂർ പാറപ്പുറം വെളുത്തേപ്പിള്ളി ത്രേസ്യാക്കുട്ടി (87) കുഴഞ്ഞുവീണു മരിച്ചു. വോട്ട് ചെയ്യാൻ സ്ലിപ് വാങ്ങിയശേഷം ബൂത്തിനുള്ളിൽ തളർന്നു വീഴുകയായിരുന്നു. 2 കിലോമീറ്റർ അകലെ കാഞ്ഞൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

    കണ്ണൂർ കൂത്തുപറമ്പ് മണ്ഡലത്തിലെ ചൊക്ലി രാമവിലാസം എച്ച്എസ്എസ് പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ വരിയിൽനിന്ന സ്ത്രീ തളർന്നുവീണു മരിച്ചു. കാഞ്ഞിരത്തിൻ കീഴിൽ മൂടോളി വിജയി (65) ആണ് മരിച്ചത്. പത്തനംതിട്ടയിൽ വോട്ടുചെയ്യാൻ പോളിങ് ബൂത്തിൽ കയറിയ റാന്നി പേഴുംപാറ മൂശാരിയത്ത് ചാക്കോ മത്തായി (പാപ്പച്ചൻ–66) കുഴഞ്ഞുവീണ് മരിച്ചു. വടശേരിക്കര പഞ്ചായത്തിലെ പേഴുംപാറ ഡിപിഎം യുപിഎസ് 178–ാം നമ്പർ ബൂത്തിലായിരുന്നു വോട്ട് ചെയ്യാനെത്തിയത്.

    അതിനിടെ, ഏനാദിമംഗലം ചായലോട് യുപി സ്കൂൾ 143–ാമ നമ്പർ ബൂത്തിൽ പോളിങ് ഓഫിസർ കുഴഞ്ഞുവീണു. പിരളശേരി എൽപിഎസ് 69–ാം നമ്പർ ബൂത്തിലെ പോളിങ് ഓഫിസർ പ്രണുകുമാർ അപസ്മാര ബാധയെത്തുടർന്ന് കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലേക്കുമാറ്റി.

    No comments

    Post Top Ad

    Post Bottom Ad