Header Ads

  • Breaking News

    ലോക്‌സഭാ തെരഞ്ഞെടുപ്പ്: പേജുകള്‍ നിയന്ത്രിക്കുന്നവര്‍ ആരാണെന്ന് മറച്ച് വെച്ചു; രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ഉടമസ്ഥതയിലുള്ള വെബ്സൈറ്റിന്റേത് ഉള്‍പ്പെടെ 687 പേജുകള്‍ ഫേസ്ബുക്ക് പൂട്ടിച്ചു


    കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെല്ലുമായി ബന്ധപ്പെട്ട 687 പേജുകളും അക്കൗണ്ടുകളും ബി.ജെ.പിയുമായി ബന്ധമുള്ള 15 ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്തിരിക്കുന്ന വിവരം ഫേസ്ബുക്ക് അറിയിച്ചു. കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുള്ള പേജുകള്‍ വ്യാജ വിവരങ്ങള്‍ കാര്യങ്ങള്‍ പങ്ക് വെച്ചത് കൊണ്ടല്ല നീക്കം ചെയ്തതെന്നും പകരം അവയുടെ പേജുകള്‍ നിയന്ത്രിക്കുന്നവര്‍ ആരാണെന്ന് മറച്ച് വെച്ചതുകൊണ്ടാണെന്നുമാണ് ഫേസ്ബുക്കിന്റെ വിശദീകരണം.

    ആള്‍ട് ന്യൂസിന്റെ കണക്കു പ്രകാരം കോണ്‍ഗ്രസ്സുമായി ബന്ധമുള്ള 2,06000 അക്കൗണ്ടുകളുണ്ട്. എന്നാല്‍ ബി.ജെ.പിയുടെ 2 .6 ദശലക്ഷം അക്കൗണ്ടുകള്‍ സില്‍വര്‍ ടച്ച് കമ്പനിയുമായി ബന്ധപ്പെട്ടതാണ്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പേജുകള്‍ പരസ്യങ്ങള്‍ക്കായി 39,000 ഡോളര്‍ ചെലവാക്കുമ്പോള്‍ 79,000 ഡോളറാണ് സില്‍വര്‍ ടച്ച് കമ്പനി പരസ്യങ്ങള്‍ക്കായി ചെലവാക്കിയത്.

    1992 ല്‍ അഹമ്മദാബാദില്‍ സ്ഥാപിക്കപ്പെട്ട കമ്പനിയാണ് സില്‍വര്‍ ടച്ച് ടെക്‌നോളജീസ്. ഇ ഗവേണന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വില്‍ക്കുന്ന കമ്പനിയാണ്. നമോ ആപ്പ് അടക്കമുള്ള പല ബി.ജെ.പി പ്രൊജെക്ടുകള്‍ക്കും സഹായം ചെയ്തു പോന്നിരുന്ന കമ്പനിയാണ് സില്‍വര്‍ ടച്ച്.

    നീക്കം ചെയ്ത പേജുകള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ കൈകാര്യം ചെയ്തു വരികയായിരുന്നു എന്നാണ് റിപോര്‍ട്ടുകള്‍. പ്രാദേശിക വാര്‍ത്തകള്‍ നല്‍കുകയും സ്ഥാനാര്‍ഥികളെ പ്രമോട്ട് ചെയുക ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് നീക്കം ചെയ്ത പേജുകള്‍ കൈകാര്യം ചെയ്തിരുന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാ എം.പി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്കിന്റെ കീഴിലുള്ള 'മൈ നേഷന്‍' എന്ന വെബ്‌സൈറ്റിന്റെ പേജുകളും നീക്കം ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

    ദൂഷ്യ സ്വഭാവത്തിന്റെ ഫലമായി ഫേസ്ബുക്ക് നീക്കം ചെയ്ത 15 പേജുകളും ഗ്രൂപ്പുകളും അക്കൗണ്ടുകളും ഇന്ത്യന്‍ ഐ.ടി കമ്പനിയായ സില്‍വര്‍ ടച്ചുമായി ബന്ധപ്പെട്ടതാണ്. കോണ്‍ഗ്രസിനെതിരെയുള്ള നീക്കങ്ങളായിരുന്നു ഈ ഗ്രൂപ്പുകളില്‍ പ്രധാനമായും കണ്ടു വന്നിരുന്നത്.

    മാധ്യമ പ്രവര്‍ത്തകന്‍ സംറത്ത് ബന്‍സാല്‍ ചെയ്ത വിശദമായ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ മൊബൈല്‍ അപ്ലിക്കേഷന്‍ നമോ ആപ്പ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട് എന്നതായിരുന്നു. ദി ഇന്ത്യന്‍ ഐ എന്ന ട്വിറ്റര്‍ അക്കൗണ്ടും ഫേസ്ബുക് പേജും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad