ബട്ടണും പോര്‍ട്ടും സിം സ്ലോട്ടും ഇല്ല, വിവോ അപെക്‌സ് ഭാവിയുടെ അദ്ഭുത ഫോണ്‍?
ബട്ടണുകളേ ഇല്ല. പോര്‍ട്ടുകളും ഇല്ല. സിം സ്ലോട്ടും ഹെഡ് ഫോണ്‍ ജാക്കും സ്പീക്കര്‍ ഗ്രില്ലും ഇല്ല. ഇതെല്ലാമാണ് വിവോ കമ്പനിയുടെ അപെക്‌സ് 2019 എന്ന സങ്കല്‍പ്പ 5ജി ഫോണിന്റെ ചില പ്രത്യേകതകള്‍. ഫോള്‍ഡബിൾ ഫോണ്‍ തുടങ്ങിയ സങ്കല്‍പങ്ങള്‍ യാഥാര്‍ഥ്യമാക്കുകയാണ് അടുത്ത കാലത്ത് കണ്ട സ്മാര്‍ട് ഫോണ്‍ രൂപകല്‍പനയിലെ മാറ്റങ്ങള്‍. സ്‌നാപ്ഡ്രാഗണ്‍ 855 കേന്ദ്രമാക്കി നിര്‍മിച്ച അപെക്‌സ് 2019ന്റെ പ്രോട്ടൊടൈപ് മാത്രമാണ് വിവോ മാധ്യമപ്രവര്‍ത്തകരെ കാണിച്ചത്.
ആപ്പിളിന്റെ യൂണിബോഡി മാക്ബുക്കുകളെ പോലെ, ഒറ്റ കഷ്ണം ഗ്ലാസ് ഉപയോഗിച്ചാണ് മുന്‍ഭാഗവും പിന്‍ഭാഗവും വശങ്ങളും നിര്‍മിച്ചിരിക്കുന്നത്. സവിശേഷമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗ്ലാസ് ഇത്തരത്തില്‍ പരുവപ്പെടുത്തിയെടുത്തിരിക്കുന്നത്. മൂലകളില്‍ പ്രത്യക ശ്രദ്ധ വേണം ഇങ്ങനെ ചെയ്യാന്‍. ഇതിനുപയോഗിച്ച തങ്ങളുടെ സാങ്കേതികവിദ്യയെ വിവോ വിളിക്കുന്നത് 'കേര്‍വ്ഡ് സര്‍ഫസ് വാട്ടര്‍ഡ്രോപ് ഗ്ലാസ്' എന്നാണ്. ഇന്നത്ത പല ഫോണുകള്‍ക്കും മുകളില്‍ ഗ്ലാസും പിന്നില്‍ ലോഹവും ഒരുമിപ്പിച്ച നിര്‍മിതിയാണുള്ളത്.
സ്‌ക്രീനില്‍ എവിടെ സ്പര്‍ശിച്ചാലും ഫിംഗര്‍പ്രിന്റ് അണ്‍ലോക് ചെയ്യാം എന്നതാണ് മറ്റൊരു സവിശേഷത. കൃത്യം എവിടെയെങ്കിലും ഒരു സ്ഥലത്തു തന്നെ വിരലടയാളം പതിക്കണമെന്ന നിബന്ധനയില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിവുള്ള ഫോണാണിത്. ഇത് വിവോ പറയുന്ന രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ആദ്യ അനുഭവത്തില്‍ തോന്നുന്നത്. സ്‌ക്രീന്‍ വിശാലമായി കിടക്കുന്നതിനാല്‍, കൂടുതല്‍ സുരക്ഷ വേണമെന്നുള്ളവര്‍ക്ക് രണ്ടു വിരല്‍ല്‍പ്പാടുകള്‍ വേണമെങ്കിലും ഉപയോഗിക്കാമെന്ന ഗുണവും ഉണ്ട്. ഈ സാങ്കേതികവിദ്യ കാണാന്‍ ഈ ഫോണ്‍ വരേണ്ട കാര്യമുണ്ടാവില്ല. വിവോ ഈ വര്‍ഷം ഇറക്കുന്ന എന്‍ഇഎക്‌സ് മോഡലുകളിലും ഇതു കണ്ടേക്കാം. എന്നാല്‍ മുന്‍ ക്യാമറകള്‍ ഇല്ലെന്നതാണ് പ്രത്യക്ഷത്തില്‍ കാണാവുന്ന ആദ്യ കുറവ്. ഇത്തരം ഒരു പരീക്ഷണം ഇക്കാലത്തു വിജയിക്കുമോ എന്നതു കണ്ടറിയേണ്ടിയിരിക്കുന്നു. പ്രോട്ടൊടൈപ് മാത്രമാണ് കാണിച്ചത് എന്നതു കൊണ്ട് വീണ്ടും മാറ്റം വരുത്തുകയുമാകാം. ഇത് പൂര്‍ണ്ണമായും പുതിയതല്ല. മെയ്‌സു സീറോ എന്ന ഫോണ്‍ ഇത്തരമൊരു പരീക്ഷണമായിരുന്നു. അതില്‍ വേണ്ടത്ര വിജയം കണ്ടെത്താനാകാത്തതിനാലാകണം ആ കമ്പനി രണ്ടാം തലമുറ ഫോണിറക്കാന്‍ മടിക്കുന്നത്.
വിവോ അപെക്‌സ് 2019ന്റെ നിര്‍മാണം അത്യാകര്‍ഷകമാണ്. ഗ്ലോസി ഫിനിഷുള്ള ഫോണ്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിവുള്ളതാണ്. ബെസല്‍ ഇല്ലാത്ത, ചെരിവുള്ള ഓലെഡ് ഡിസ്‌പ്ലെ വലുപ്പമുള്ളതാണ്. കൃത്യം വലുപ്പം വിവോ പറഞ്ഞില്ല. സജീവമായ നിറങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ കഴിവുള്ളതാണ് ഈ ഡിസ്‌പ്ലെ. പരിപൂര്‍ണ്ണമായി ഗ്ലാസ് നിര്‍മിതമായ ഒരു ഫോണ്‍ കൈയ്യില്‍ വയ്ക്കുന്നവര്‍ എപ്പോഴും തന്നെ അതു താഴെ പോയി പൊട്ടുന്ന കാര്യം ഓര്‍ത്തു പേടിച്ചേക്കാം. അതു ശരിയുമാണ്. പൊട്ടിക്കഴിഞ്ഞാല്‍ നന്നാക്കിയെടുക്കണമെങ്കില്‍ നല്ല പൈസ നല്‍കേണ്ടിവരും. ഫോണ്‍ ഇറങ്ങി, ഡ്യൂറബിലിറ്റി ടെസ്റ്റുകളും മറ്റും കണ്ടാല്‍ മാത്രമെ ഇത് ഈടുനില്‍ക്കുന്ന രീതിയിലാണോ വിവോ നിര്‍മിച്ചിരിക്കുന്നതെന്നു തീര്‍ച്ചപ്പെടുത്താനാകൂ. ഒറ്റക്കഷണം ഗ്ലാസില്‍ നിര്‍മിച്ചതാകയാല്‍, എവിടെയെങ്കിലും വിള്ളല്‍ വീണാല്‍ പോലും മൊത്തം ഗ്ലാസ് മാറ്റേണ്ടതായി വരും. ഫോണുകള്‍ താഴെ വീഴാമെന്നത് ഒരു സാധ്യത തന്നെയാണ്. ഗ്ലാസ് നിര്‍മിതിയില്‍ ഭയക്കേണ്ട കാര്യം ഇതു തന്നെയാണ്. മറ്റൊരു ശ്രദ്ധേയമായ കാര്യം ഇതിന് മറ്റു ഫോണുകളെക്കാള്‍ ഭാരക്കൂടുതല്‍ ഉണ്ടെന്നതും കനം കൂടുതല്‍ ഉണ്ടെന്നതുമാണ്. ഇത് കൂടുതല്‍ ഈടു നില്‍ക്കാന്‍ വേണ്ടി ഉപയോഗിച്ച മെറ്റീരിയലിന്റെ ഗുണമാണോ എന്നും പറയാനാവില്ല.
ബട്ടണുകളേ ഇല്ല, പിന്നെങ്ങനെ ഓണ്‍ ചെയ്യും?
ഫോണിന്റെ വലതു വശത്ത് മര്‍ദ്ദം മനസ്സിലാക്കാനാവുന്ന ഇടങ്ങളുണ്ട്. ഇന്നു സാധാരണ ഫോണുകളില്‍ ഓണ്‍-ഓഫ് ബട്ടണുകളും വോളിയം ബട്ടണുകളും പിടിപ്പിച്ചിരിക്കുന്നിടത്താണ് ഇവയും ഉള്ളത്. പവര്‍ ബട്ടണ്‍ എവിടെയെന്നു കാണിക്കാന്‍ ചെറിയ അടയാളം കുറിച്ചിട്ടുമുണ്ട്. വോളിയം ബട്ടണുകള്‍ എവിടെയെന്നു കാണിക്കാന്‍ സ്‌ക്രീനില്‍ വെര്‍ച്വല്‍ ബട്ടണുകളുമുണ്ട്. സാമാന്യം ശക്തിയില്‍ അമര്‍ത്തിയാല്‍ മാത്രമെ പവര്‍ ബട്ടണും വോളിയം ബട്ടണുകളും പ്രതികരിക്കൂ. എളുപ്പത്തില്‍ ഇതു പ്രെസ് ആകുന്ന രീതിയിലാണെങ്കില്‍ അറിയാതെ സ്പര്‍ശിക്കുമ്പോള്‍ പോലും ഓണാകുകയും ഓഫാകുകയും വോളിയം കൂടുകയുമൊക്കെ ചെയ്യാമല്ലോ. തത്വത്തില്‍ ഇതൊക്കെ നല്ലാതാണെങ്കിലും പ്രവൃത്തിയില്‍ ഇതെങ്ങനെ ഇരിക്കുമെന്നറിയാന്‍ വിശദമായ ടെസ്റ്റ് നടത്തേണ്ടിവരും. എച്ടിസിയാണ് വെര്‍ച്വല്‍ ബട്ടണുകള്‍ മുന്‍പു പരീക്ഷിച്ചു നോക്കിയ മറ്റൊരു കമ്പനി. അവരുടെ യു12 മോഡലില്‍ നടിത്തിയ പരീക്ഷണം അത്ര വലിയ വിജയമായിരുന്നുവെന്നു പറയാനാവില്ല.
എങ്ങനെ ചാര്‍ജു ചെയ്യും?
ചാര്‍ജിങ് പോര്‍ട്ടില്ലാത്ത ഈ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വിവോ നിര്‍മിച്ച മാഗ്നെറ്റിക് കണക്ടര്‍ ഉപയോഗിച്ചാണ് ചാര്‍ജു ചെയ്യുന്നത്. ഇതിലൂടെയാണ് കംപ്യൂട്ടറിലേക്കും മറ്റും ഡേറ്റാ നീക്കുന്നതും. പോര്‍ട്ടുകളില്ലാത്ത ആധുനിക ഉപകരണമെന്ന സങ്കല്‍പം അതീവ ആകര്‍ഷകം തന്നെയാണെന്നു കാണാം.
സ്പീക്കറുകളും ഇല്ല!
ബോഡി സൗണ്ട്കാസ്റ്റിങ് (Body SoundCasting) എന്ന സാങ്കേതികവിദ്യയാണ് വിവോ അപെക്‌സ് 2019ല്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗത സ്പീക്കറുകള്‍, കോള്‍ കേള്‍ക്കാനുള്ള ഇയര്‍പീസ് തുടങ്ങിയ പഴഞ്ചന്‍ ടെക്‌നോളജികളെയും ഇല്ലായ്മ ചെയ്യുന്നു. സ്‌ക്രീന്‍ വൈബ്രേറ്റു ചെയ്താണ് സ്വരം നിങ്ങളുടെ ചെവിയില്‍ എത്തിക്കുന്നത്.
ഹാര്‍ഡ്‌വെയര്‍
പിന്നില്‍ ഇരട്ട ക്യാമറ സിസ്റ്റമാണ് ഈ ഫോണിനുള്ളത്. എന്നാല്‍ ഇതിന്റെ ശേഷിയെപ്പറ്റി വിവോ വെളിപ്പെടുത്തിയില്ല. സെല്‍ഫി ക്യാമറ ഇല്ലെന്നു പറഞ്ഞല്ലോ. എന്ന് ഇറങ്ങുമെന്ന് ഉറപ്പില്ലാത്തതുകൊണ്ടാകണം ബാറ്ററി ശേഷിയും പുറത്തു വിട്ടില്ല.
സ്‌നാപ്ഡ്രാഗണ്‍ 855 നോടൊത്ത് 12 ജിബി റാമും ഫോണിനു നല്‍കുന്നു. 512 ജിബി സ്റ്റോറേജ് ശേഷിയാണുള്ളത്. 5ജി ശേഷിയുള്ള ഇ-സിം ആയിരിക്കും ഉപയോഗിക്കുക. ആന്‍ഡ്രോയിഡ് ഉപയോഗിച്ചു സൃഷ്ടിച്ച വിവോയുടെ ഫണ്‍ടച്ച് ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കും ഫോണിന്റെ ഒഎസ്.
വിപണിയിലെത്തിക്കുമെന്ന് വിവോ ഉറപ്പു പറയുന്നില്ലെങ്കിലും ഒരു സങ്കല്‍പമെന്ന നിലയില്‍ സ്മാര്‍ട്ഫോണ്‍ പ്രേമികള്‍ ഈ ആശയം ശ്രദ്ധിക്കുക തന്നെ ചെയ്യും. ബട്ടണുകളോടും പോര്‍ട്ടുകളോടും പൂര്‍ണ്ണമായും വിടപറയുന്ന ഇത്തരമൊരു സാധ്യത, ഫോണ്‍ ഡിസൈനില്‍ വളരെ പുതുമയുള്ളതാണ്.
No comments
Post a Comment