കൊടുംവേനല്‍: എരിപുരം ശ്രീകൃഷ്ണ ക്ഷേത്രകുളം വറ്റിവരണ്ടു
കൊടും വേനലില്‍ എരിപുരം ശ്രീകൃഷ്ണ ക്ഷേത്ര കുളം വറ്റിവരണ്ടു. ഒരേക്കറോളം വിസ്തീര്‍ണ്ണമുള്ള കുളം സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ഏറെ കാലമായി അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കുളം സംരക്ഷണ പ്രവര്‍ത്തി എങ്ങുമെത്തിയില്ല.
വേനല്‍ കടുത്തതോടെ ജനം ശുദ്ധജലത്തിനായി നെട്ടോട്ടമോടുകയാണ്.
മഴക്കാലത്ത് പെയ്തിറങ്ങുന്ന വെള്ളം സംരക്ഷിക്കാന്‍ നടപടി ഇല്ലാത്തതാണ് കുടിവെള്ള സ്രോതസ്സുകള്‍ എല്ലാം തന്നെ ഇല്ലാതാകാന്‍ കാരണമാകുന്നത്..
എരിപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കുളമാണിത്. ഒരേക്കറോളം വലിപ്പമുള്ള ഈ കുളത്തില്‍ മഴക്കാലത്ത് നിറയെ വെള്ളം ഉണ്ടാകും. ഒരുകാലത്ത് നാടിന്റെ പ്രധാന ജലസംഭരണി ആയിരുന്നു ഇത്. പ്രദേശത്തെ കിണറുകളില്‍ കുടിവെള്ളം ലഭിക്കുന്നതിന് ഉള്‍പ്പെടെ ഈ കുളം ഏറെ സഹായകരമായിരുന്നു.
എന്നാല്‍ സംരക്ഷണമില്ലാതെ കുളം നാശത്തിന്റെ വക്കില്‍ എത്തുകയായിരുന്നു. കുളത്തിന്റെ പടവുകളെല്ലാം ഇടിഞ്ഞു വീണും കല്‍പ്പടവുകള്‍ നശിച്ച അവസ്ഥയിലുമാണ്. നേരത്തെ ഇതിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയില്‍ നിന്നായിരുന്നു വേനല്‍ക്കാലത്ത് പഴയങ്ങാടിയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം എത്തിച്ചേര്‍ന്നത്. എന്നാല്‍ ഇന്ന് ഈ പദ്ധതിയും കാട് കയറി മൂടിയ നിലയിലാണ്. ഇവിടെ നിന്നുളള കുടിവെള്ള വിതരണം നിലച്ചു..
ക്ഷേത്രക്കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയിട്ടുണ്ട്. സ്ഥലം എം.എല്‍.എ ഉള്‍പ്പെടെ ഇടപെട്ട് ഒന്നരക്കോടിയോളം രൂപ വിലവരുന്ന പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
പദ്ധതി സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ കുളം സംരക്ഷിക്കപ്പെടുമെന്നും ആവശ്യത്തിന് കുടിവെള്ളം ഉള്‍പ്പെടെ ലഭിക്കുമെന്ന പ്രതീക്ഷയാണ് നാട്ടുകാര്‍ക്ക്. കുളത്തിലെ പടവുകള്‍ കെട്ടി സംരക്ഷിച്ചാല്‍ ഏറെ മനോഹരമായി ഒരു പ്രാദേശിക വിനോദ സഞ്ചാരകേന്ദ്രം കൂടി ആക്കി മാറ്റാന്‍ കഴിയുമെന്നും ജനങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
No comments
Post a Comment