ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന യുവാവ് പിടിയില്‍
തിരുവല്ല:
ജില്ലയിലും സമീപ ജില്ലകളിലും ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച്‌് മോഷണം നടത്തുന്നയാള്‍ തിരുവല്ലയില്‍ പോലീസ് പിടിയില്‍. മോഷണ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ജില്ലയിലെ വിവിധ സ്‌ഥലങ്ങളിലും അടുത്ത ജില്ലകളും കേന്ദ്രീകരിച്ച് നിരവധി ആളില്ലാത്ത വീടുകളില്‍ മോഷണം നടത്തിവന്നിരുന്ന തിരുവല്ല തുകലശേരി പൂമംഗലത്തു വീട്ടില്‍ ശശിയുടെ മകന്‍ ശരത് (32) ആണ് പോലീസ് കസ്‌റ്റഡിയിലായത്.
നൂറിലധികം കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം തിരുവല്ലയിലും കോട്ടയം ജില്ലയിലെ വാകത്താനം എന്നിവിടങ്ങളില്‍ വാടകയ്‌ക്ക് താമസിച്ച ശേഷം രാത്രിയില്‍ അവിടെ മോഷണം നടത്തുകയായിരുന്നു. പകല്‍ ബൈക്കില്‍ കറങ്ങിനടന്ന് ആള്‍ താമസമില്ലാത്ത വീടുകള്‍ കണ്ടെത്തി രാത്രിയില്‍ വീടിന്റെ വാതില്‍ തകര്‍ത്തു കയറി സ്വര്‍ണവും പണവും മറ്റു വിലപിടിപ്പുള്ള വസ്‌തുക്കളും മോഷണം ചെയ്യുകയാണ് ഇയാളുടെ രീതി.
മോഷണം നടത്തിയ വീടുകളില്‍ നിന്നും വിലപ്പിടിപ്പുള്ള വസ്‌തുക്കള്‍ ലഭിച്ചില്ലായെങ്കില്‍ വീടിനുള്ളിലെ പൈപ്പ് ഫിറ്റിങ്ങ്‌സുകളും വീട്ടുപകരണങ്ങളും മോഷ്‌ടിച്ചു ആക്രിക്കടകളില്‍ വില്‍ക്കുകയും ചെയ്യുമായിരുന്നു. വീടിനുള്ളില്‍ നാശനഷ്‌ടങ്ങള്‍ വരുത്തുന്നതും ഇയാളുടെ പതിവായിരുന്നു. ഒരു വീട്ടില്‍ മോഷണം നടത്തിയ ശേഷം വീട്ടുപകരണങ്ങള്‍ പല ദിവസങ്ങളിലായി കടത്തി കൊണ്ട് പോകുകയും ചെയ്യുമായിരുന്നു. ആള്‍ താമസമില്ലാത്ത വീടുകള്‍ ആയതിനാല്‍ മോഷണം നടത്തി മാസങ്ങള്‍ക്കു ശേഷമായിരിക്കും പുറത്തറിയുക.
പത്തനംതിട്ട ജില്ലയിലും സമീപ ജില്ലയിലും മുപ്പതോളം വീടുകളില്‍ മോഷണം നടത്തിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷണ മുതലുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചു മോഷണം വ്യാപകമായതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ജി. ജയദേവന്റെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
തിരുവല്ല ഡിവൈ.എസ്.പി. ജെ. ഉമേഷ്‌കുമാര്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ജോസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ തിരുവല്ല പോലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ രാജേഷ്‌കുമാര്‍, സെന്തില്‍ കുമാര്‍, എസ്.എസ്.ഐ. എ.കെ ബാബു, ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീം എസ്.ഐ. രെഞ്ചു, എ.എസ്.ഐ മാരായ രാധാകൃഷ്‌ണന്‍, ഹരികുമാര്‍ ടി.ഡി, വില്‍സണ്‍ എസ്., എസ് സിപിഓമാരായ അജികുമാര്‍ ആര്‍. ,വിനോദ് കെ.വി, സിപിഒ. വി.എസ്. സുജിത്‌കുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു
No comments
Post a Comment