ബക്കളം സി.പി.എം ഒഫിസിന് നേരെ അക്രമം
തളിപ്പറമ്പ്:
ബക്കളത്ത് സംഘര്‍ഷം തുടരുന്നു, മടയിച്ചാലിലെ ബക്കളം സി.പി.എം നോര്‍ത്ത് ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെ അക്രമം. ഓഫീസും ചെഗുവേര ക്ലബ്ബും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പത്ത് ജനല്‍ചില്ലുകളാണ് ഇന്ന് പുലര്‍ച്ചെ അടിച്ചുതകര്‍ത്തത്. ഇന്നലെരാത്രി 11 വരെ ഓഫീസില്‍ ആളുകളുണ്ടായിരുന്നു. നോര്‍ത്ത് ബ്രാഞ്ച്‌സെക്രട്ടറി പി.വി. സതീഷ്‌കുമാറിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മുകളിലേക്കുള്ള ഗോവണിയിലൂടെ കയറിയാണ് വടി ഉപയോഗിച്ച് ജനാലകള്‍ തകര്‍ത്തതെന്ന് കരുതുന്നു. സിഐ എ.അനില്‍കുമാര്‍, എസ് ഐ കെ.കെ.പ്രശോഭ്, സ്‌പെഷ്യല്‍ബ്രാഞ്ച് എഎസ്‌ഐ കെ.മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം തെക്കേ ബക്കളത്തെ അഷറഫിന്റെ ചിക്കന്‍സ്റ്റാളിനും നേരെ ബോംബാക്രമണം നടന്നിരുന്നു. ഇതിനുപിന്നില്‍ സി.പി എം ആണെന്ന് ലീഗ് നേതൃത്വം ആരോപിച്ചിരുന്നു. എന്നാല്‍ ബക്കളത്ത് പ്രവര്‍ത്തിക്കുന്ന കോഴിക്കട പല സാമൂഹ്യ വിരുദ്ധരുടെയും താവളമാണെന്നും നണിയൂര്‍ നമ്പ്രത്ത് അക്രമം നടത്തിയതും പോള ചന്ദ്രനെ അക്രമിക്കാന്‍ ശ്രമിച്ചതും തെരഞ്ഞെടുപ്പ് ദിവസം അക്രമം ലക്ഷ്യമിട്ട് ഒഴക്രോത്ത് കേന്ദ്രീകരിച്ചതും ഈ സംഘമാണ്.
ഇതിന് മറയിടാന്‍ ലീഗ് നേതൃത്വം തന്നെ ആസൂത്രണം ചെയ്തതാണ് ബക്കളത്തെ ബോംബ് സ്‌ഫോടനമെന്ന ആരോപണവുമായി സി.പി എംനേതൃത്വം രംഗത്ത് വരികയും ഇതില്‍ യാതൊരു പങ്കുമില്ലെന്നും വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ സംഭവത്തിന് ശേഷമാണ് പ്രദേശത്തു നില നിന്നിരുന്ന സമാധാന അന്തരീഷം തകര്‍ന്നത്. ഇപ്പോള്‍ സി.പി.എം ഓഫീസിന് നേരെ നടന്ന അക്രമസംഭവത്തിന് പിറകിലും മുസ്‌ലിം ലീഗാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.
സി.പി.എം ഓഫീസിന് നേരെ നടന്ന അക്രമ സംഭവത്തില്‍ പ്രതിഷേധിച്ച് ബക്കളത്ത് സിപിഎം നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു. സി.പി എം ജില്ലാ കമ്മറ്റി അംഗം കെ.സന്തോഷ്, ഏരിയ സെക്രട്ടറി പി.മുകുന്ദന്‍, സി.അശോക് കുമാര്‍, കെ.ദാമോദരന്‍ ലോക്കല്‍ സെക്രട്ടറി എം.രാജഗോപാല്‍, ബ്രാഞ്ച് സെക്രട്ടറി പി.വി.സതീഷ്‌കുമാര്‍, എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
No comments
Post a Comment