Header Ads

  • Breaking News

    ഡോ. ഡി.ബാബുപോൾ അന്തരിച്ചു


    തിരുവനന്തപുരം:
    സിവിൽ സർവീസിൽ മലയാളത്തിന്റെ ആത്മാവ് ഉൾച്ചേർത്ത ഭരണകർത്താവായും എഴുത്തുകാരനും പ്രഭാഷകനുമായും തിളങ്ങിയ ഡോ. ഡി.ബാബു പോൾ (78) അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചു.
    ഡി.ബാബുപോൾ: അറിവിന്റെ ആഴക്കടൽ, കാരുണ്യത്തിന്റെയും. ഭാര്യ: പരേതയായ അന്ന ബാബു പോൾ (നിർമല). മക്കൾ: മറിയം ജോസഫ് (നീബ), ചെറിയാൻ സി.പോൾ (നിബു). മരുമക്കൾ: മുൻ ഡിജിപി എം.കെ.ജോസഫിന്റെ മകൻ സതീഷ് ജോസഫ്, മുൻ ഡിജിപി സി.എ.ചാലിയുടെ മകൾ ദീപ. മുൻ വ്യോമയാന സെക്രട്ടറിയും യുപിഎസ്‌സി അംഗവും ആയിരുന്ന കെ.റോയ് പോൾ സഹോദരനാണ്.
    എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി.എ.പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ൽ ജനനം. ഹൈസ്കൂളിൽ തിരുവിതാംകൂർ മഹാരാജാവിന്റെയും സർവകലാശാലയിൽ കേന്ദ്ര സർക്കാരിന്റെയും സ്കോളർഷിപ്പ്, ഇഎസ്എൽസിക്കു മൂന്നാം റാങ്കും എംഎയ്ക്ക് ഒന്നാം റാങ്കും ഐഎഎസ്സിന് ഏഴാം റാങ്കും നേടി. സിവിൽ എൻജിനീയറിങ്ങിൽ ബിരുദം. പ്രതിരോധശാസ്ത്രത്തിലും വേദശാസ്ത്രത്തിലും മലയാള സാഹിത്യത്തിലും ഉപരിപഠനം.
    ഇടുക്കി കലക്ടർ പദവിയിലിരുന്ന് ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ജല വൈദ്യുത പദ്ധതി പൂർത്തിയാക്കിയതാണ് ഏറ്റവും വലിയ ഭരണനേട്ടങ്ങളിലൊന്ന്. മലയാളത്തിൽ പ്രാവീണ്യമുണ്ടായിരുന്ന ബാബുപോൾ മലയാളത്തിൽ തന്നെ ഫയൽ എഴുതണമെന്ന നിർബന്ധബുദ്ധിക്കാരനായിരുന്നു. ജൂനിയർ എൻജിനീയർ ആയി സർക്കാർ സർവീസിൽ പ്രവേശിച്ച ശേഷമാണ് ബാബുപോൾ സിവിൽ സർവീസ് നേടുന്നത്.
    കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ എന്ന നിലയിലും ധനം, പൊതുവിദ്യാഭ്യാസം, ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സെക്രട്ടറിയായും ബാബുപോൾ നൽകിയ സംഭാവനകൾ മികച്ചതാണ്. സാംസ്കാരിക സെക്രട്ടറി ആയിരിക്കുമ്പോഴാണ് എഴുത്തച്ഛൻ പുരസ്കാരം ഏർപ്പെടുത്തുന്നത്. കേരള സർവകലാശാല വൈസ് ചാൻസലർ, കെഎസ്ആർടിസി എംഡി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
    21–ാം വയസ്സിൽ സർക്കാർ സർവീസിൽ പ്രവേശിച്ച ബാബുപോൾ 59–ാം വയസ്സിൽ ഐഎഎസിൽനിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്സ്‌മാൻ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറിൽ ഉദ്യോഗത്തോടു വിടപറഞ്ഞു. സിവിൽ സർവീസ് മേഖലയിൽ മിടുക്കരെ വളർത്തിയെടുക്കാനായി സ്ഥാപിച്ച കേരള സിവിൽ സർവീസ് അക്കാദമിയുടെ ‘മെന്റർ എമിരറ്റസ്’ ആയിരുന്നു.
    4000 ടൈറ്റിലുകളും ആറുലക്ഷം വാക്കുകളും ഉൾക്കൊള്ളുന്ന ‘വേദശബ്ദ രത്നാകര’മെന്ന ബൈബിൾ നിഘണ്ടു ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. മാനേജ്മെന്റ് സ്റ്റഡീസിലാണു പിഎച്ച്ഡി. ‘വിലാസിനിയുടെ സ്ത്രീ സങ്കൽപം’ എന്ന വിഷയത്തിൽ ഗവേഷണം നടത്തി. ഇടുക്കി അണക്കെട്ട് പദ്ധതി പൂർത്തീകരിക്കാൻ നേതൃത്വം നൽകിയതിന് അച്യുതമേനോൻ മന്ത്രിസഭ പ്രത്യേക പുരസ്കാരം നൽകി.
    2000–ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1946ൽ ആദ്യത്തെ പ്രസംഗം നടത്തിയ ബാബു പോൾ 1949ൽ ആദ്യത്തെ ലേഖനം പ്രസിദ്ധീകരിച്ചു. 1961ൽ ആണ് ആദ്യ പുസ്തകം പ്രകാശിതമായത്. 1962ൽ ‘മലയാള മനോരമ’ വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിനാണ് ആദ്യ പ്രതിഫലം ലഭിച്ചത്. നവോന്മേഷം പകരുന്ന പ്രതിഭാശേഷിയും കർമോത്സുകതയും കൊണ്ട് ഏവരെയും പ്രചോദിപ്പിച്ചു. 1962 മുതൽ 2001 വരെയുള്ള മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തെക്കുറിച്ച് എഴുതിയ ‘കഥ ഇതുവരെ’ ആത്മകഥയാണ്.
    തന്റെ ഏറ്റവും വലിയ സ്വാധീനം അച്‌ഛനാണെന്നു ബാബു പോൾ പറഞ്ഞിട്ടുണ്ട്. ശക്‌തി ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അംഗീകരിച്ചത് അച്‌ഛനാണ്. ഉപദ്രവിച്ചവരെ മറക്കാനും ഉപകാരം ചെയ്‌തവരെ മറക്കാതിരിക്കാനും പഠിപ്പിച്ച മഹാനാണ് അദ്ദേഹം. ശമ്പളത്തിന്റെ 10 ശതമാനം നിരാലംബർക്കും അശരണർക്കുമായി നീക്കിവയ്‌ക്കണമെന്നു പഠിപ്പിച്ചു. പരമാവധി അച്‌ഛനെ അനുസരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അമ്മയെ ഓർക്കുമ്പോൾ മനസ്സിൽ സന്തോഷവും സങ്കടവും ഒരുമിച്ചെത്തും– 2011ൽ സപ്തതി ആഘോഷത്തിൽ അദ്ദേഹം പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad